ലോണ്‍ പുതുക്കാനുള്ള ആവശ്യം നിരസിച്ച കുടുംബത്തിനെതിരെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരുടെ ക്രൂരത. ഡോക്ടറായ സാജിദ് എന്ന വ്യക്തിയുടെ മാതാപിതാക്കളെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരായ ഹർഷൻ വീട് കയറി ആക്രമിച്ചു എന്നാണ് ആരോപണം.ഇന്നലെ വൈകീട്ട് 5 മണിക്കാണ് സാജിദിന്റെ മാതാപിതാക്കള്‍ക്കെതിരെ ക്രൂരതയുണ്ടായത്.
2021 ലാണ് സാജിദ് പത്ത് ലക്ഷം രൂപയുടെ ഫ്ലെക്സി ലോണ്‍ എടുക്കുന്നത്. മാസ അടവായ 11,686 രൂപ ഇതുവരെ മുടങ്ങിയിട്ടില്ലെന്നും സാജിദ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസകാലമായി ലോണ്‍ പുതുക്കണം എന്ന ആവശ്യവുമായി ഫിനാൻസില്‍ നിന്നും ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നതായാണ് ആരോപണം. ലോണ്‍ പുതുക്കിയാല്‍ മാസ അടവ് തുക കൂടുമെന്നതിനാല്‍ പല തവണ ഫിനാൻസിന്റെ ആവശ്യം സാജിദ് നിരസിച്ചു. എന്നാല്‍ ഈ കാര്യവും പറഞ്ഞ് സാജിദിനെ നിരന്തരമായി ഏജന്റുമാർ ബുദ്ധിമുട്ടിച്ചതായും ആക്ഷേപമുണ്ട്. ലോണ്‍ പുനഃക്രമീകരിക്കുന്നതിനായി കരാർ ഒപ്പിടാൻ സാജിദിനെ ഭീക്സണിപ്പെടുത്തുകയായിരുന്നു.
ലോണ്‍ പുതിക്കിയാല്‍ മാസ അടവ് ഇപ്പോള്‍ അടക്കുന്ന തുകയേക്കാള്‍ കൂടുതല്‍ അടക്കേണ്ടി വരുമെന്നതിനാല്‍ സാജിദ് കരാറില്‍ ഒപ്പിടാൻ വിസ്സമ്മതിക്കുകയുമായിരുന്നു. മാത്രമല്ല ലോണ്‍ പുനഃക്രമീകരിച്ചാല്‍ അടക്കേണ്ടി വരുന്ന തുക പലിശ ഇനത്തില്‍ മാത്രമേ വരവ് വെക്കുകയുള്ളൂ. എന്നാല്‍ കരാറില്‍ ഒപ്പിടാൻ സാജിദ് വിസമ്മതിച്ചതോടെ ഏരിയ കളക്ഷൻ മാനേജർ ഹർഷൻ ഭീക്ഷണിയുമായി രംഗത്തെത്തുകയായിരുന്നു. കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ നിരന്തരം വീട്ടില്‍ കയറി ബുദ്ധിമുട്ടിക്കുമെന്നായിരുന്നു ഭീക്ഷണി. സാജിദ് വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഹർഷൻ വീട്ടില്‍ കയറി അക്രമം അഴിച്ചു വിട്ടത്.
ഇന്നലെ വൈകിട്ടോടെ ഹർഷൻ വീട്ടില്‍ കയറി സാജിദിന്റെ വയോധികരായ അമ്മയെയും അച്ഛനെയും ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വീടിന്റെ ജനല്‍ ചില്ല് അടിച്ച് തകർക്കുകയും ചെയ്തിട്ട് ഒപ്പിട്ട് തന്നില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും സാജിദ് ആരോപിക്കുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് വീട്ടില്‍ നടക്കുന്ന അക്രമത്തെ പറ്റി സാജിദിനെ വിവരം അറിയിക്കുന്നത്. ശേഷം സാജിദ് എത്തി മാതാപിതാക്കളെ ഫറോക്കിലുള്ള ക്രസന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും ചികിത്സയിലാണ്.

















