
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത് കല്യാണ്‍ സില്‍ക്‌സ് ആണ്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 12,500 സാരികള്‍ 390 രൂപയ്ക്ക് നല്‍കി. എന്നാല്‍, നര്‍ത്തകിമാരില്‍ നിന്നും ഈ സാരിക്കായി ഈടാക്കിയത് 1,600 രൂപയാണ്.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ നര്‍ത്തകിമാരില്‍ നിന്നും 5,000 രൂപയിലേറെ കൈപ്പറ്റിയതായി രക്ഷിതാക്കള്‍ വെളിപ്പെടുത്തി. സാരി വില കൂടാതെ ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് നടത്തിയത്. കൂടാതെ പരിപാടി കാണാൻ എത്തിയ രക്ഷിതാക്കളിൽ നിന്ന് 1500 രൂപ വീതം പാസിന്റെ തുകയായി ഈടാക്കി എന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരത്തിൽ കോടികളാണ് പരിപാടിയുടെ പേരിൽ സംഘാടകരുടെ കീശയിൽ വീണത്.
സംഘാടനത്തിലും ഉപകരാറുകളിലും അടിമുടി ദുരൂഹത
പരിപാടിയുടെ സംഘാടനത്തിൽ അടിമുടി ദുരൂഹത വ്യക്തമാണ്. സംഘാടകരായ മൃദംഗവിഷൻ ആസ്ഥാനം പ്രവർത്തിക്കുന്നത് വയനാട് മേപ്പാടിയിലെ ഒറ്റമുറി ഓഫീസിലാണ്. മാഗസിൻ പ്രവർത്തകരെന്ന രീതിയിലാണ് 100 ചതുരശ്രയടിയോളം മാത്രം വലിപ്പമുള്ള മുറിയില്‍ സ്ഥാപനം പ്രവർത്തിക്കുന്നത്. ആകെ ഒരു മേശയും രണ്ട് കസേരകളും മാത്രമുള്ള ഓഫീസ് വല്ലപ്പോഴും മാത്രമാണ് തുറക്കുന്നത് എന്നാണ് സമീപവാസികള്‍ പറയുന്നത്.
ഭരതനാട്യം ഇവന്റിന്റെ നടത്തിപ്പ് കരാർ നല്‍കിയത് ഓസ്കാർ എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനായിരുന്നു. ഗിരീഷ് എന്നയാളാണ് ഇവന്റ് മാനേജ്മെന്റ് ഉടമ. ഓസ്കാറില്‍ നിന്ന് ഇവന്റ്സ് ഇന്ത്യ ഉപകരാറെടുത്തു. ഇതിന്റെ പ്രൊപ്രൈറ്ററാണ് നിലവിൽ അറസ്റ്റിലായ കൃഷ്ണകുമാർ. കൃഷ്ണകുമാറാണ് സ്റ്റേഡിയം ബുക്ക് ചെയ്യുകയും ഫയർ,പോലീസ്,ആശുപത്രി തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തത്.
പിടിയിലായത് ബിനാമികൾ, യഥാർത്ഥ വില്ലൻ മലയാള നടൻ
ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നതിനുമുമ്പും കൊച്ചിയിലെ ‘പാർട്ടി സീനിൽ’ ഇംപ്രസാരിയോ ഇവന്റ്സിന്റെ ഭാഗമായി സജീവമായിരുന്നു നടൻ സുജോയ് വർഗീസ്. പിന്നീട് കുറേക്കാലം പ്രമുഖ ജ്വല്ലറി ഉടമയുടെ കൂടെയും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറി ചില സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണങ്ങൾ സജീവമാണ്.
ഇവിടെ നിന്ന് തിരികെയെത്തി മലയാള സിനിമയുടെ ഭാഗമാവുകയും അതോടൊപ്പം തന്നെ ഭാര്യയുടെ പേരിൽ ടിവിസി ഫാക്ടറി എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷന്റെ ചീഫ് പേട്രണും ഇയാളാണ്. പരിപാടിയുടെ സംഘാടനത്തിൽ ഇയാൾ സജീവമായിരുന്നു. ഉമ തോമസിന് അപകടം സംഭവിക്കുമ്പോൾ ഇയാൾ വേദിയിലും ഉണ്ടായിരുന്നു. അപകടത്തിനു ശേഷവും പരിപാടി തുടരണമെന്ന നിർബന്ധ ബുദ്ധി പുലർത്തിയതും ഇയാൾ തന്നെയാണ്.
ഇന്ത്യ ഇവന്റ്സ് എന്ന ഇവന്റ് മാനേജ്മെൻറ് കമ്പനിയും അതിന്റെ ഉടമയായ ഉണ്ണികൃഷ്ണനും ഇയാളുടെ ബിനാമികൾ ആണ് എന്ന് ആരോപണവും ശക്തമാണ്. ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ പരിപാടിയുടെ ഭാഗമാക്കിയതും ഇയാളുടെ സിനിമ ബന്ധങ്ങൾ ഉപയോഗിച്ചാണ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അറസ്റ്റിലായ ഇവന്റസ് ഇന്ത്യ പ്രോപ്പ്രൈറ്റർ ഉണ്ണികൃഷ്ണനെ ഇയാൾ സ്ഥിരം പരിചയയായി ഉപയോഗിക്കാറുണ്ട് എന്നും ഉണ്ണികൃഷ്ണൻ പ്രതിയാകുന്ന കേസുകളിൽ നിന്ന് അയാളെ ഊരിയെടുക്കുവാൻ നീക്കങ്ങൾ നടത്തുന്നതും പണം മുടക്കുന്നതും സുജോയ് വർഗീസ് ആണെന്നും മുൻപേ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ കടലാസ് സംഘടനകൾ എല്ലാം തന്നെ സുജോയ് വർഗീസിന്റെ ബിനാമി സ്ഥാപനങ്ങളാണ് എന്നും ഇപ്പോൾ ഗിന്നസ് ഭരതനാട്യത്തിലൂടെ സമ്പാദിച്ച കോടികളുടെ യഥാർത്ഥ ഗുണഭോക്താവ് ഇയാളാണെന്നും ഉള്ള സംശയം ഇത് കൊണ്ട് തന്നെ ബലപ്പെടുകയാണ്. ഇതുകൂടാതെ തന്നെ സുജോയ് വർഗീസിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ടിവിസി ഫാക്ടറിയും പരിപാടിയുടെ സ്പോൺസർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പോലീസ് അന്വേഷണം മൊഴിയെടുപ്പിനപ്പുറം നീങ്ങുമോ?
പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യ ഉണ്ണിയെയും, സംഘാടകരായ മൃദംഗ വിഷന്റെ പേട്രൺ എന്ന നിലയിൽ സുജോയ് വർഗീസിനെയും മൊഴിയെടുക്കാനായി പോലീസ് വിളിച്ചുവരുത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ സംഘാടനത്തിലെയും സുരക്ഷാക്രമീകരണത്തിലേയും വീഴ്ചകൾക്കപ്പുറം സാമ്പത്തിക ക്രമക്കേടുകൾക്കും അനുബന്ധ തട്ടിപ്പുകൾക്കും എതിരായ അന്വേഷണം നടക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. സുജോയ് വർഗീസിന് സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സുരക്ഷാക്രമീകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കേസ് എടുക്കുന്നതിനപ്പുറം കലാസാംസ്കാരിക ഉദ്ധാരണത്തിന്റെ പേരിൽ നടത്തുന്ന കോടികളുടെ കള്ളക്കച്ചവടവും ചൂഷണം അന്വേഷണ വിധേയമാക്കിയാൽ സുജോയ് വർഗീസും മലയാള സിനിമയിലെ തന്നെ മറ്റ് ചില പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പാണ്. എന്നാൽ ഉന്നത ബന്ധങ്ങളുടെ തണലിൽ നിൽക്കുന്ന ഇവരെ സംരക്ഷിക്കുവാനും അന്വേഷണം ഈ നിലയിലേക്ക് നീങ്ങുവാടിരിക്കുവാനും ഉള്ള സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.