മുംബൈ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അവഗണിക്കുകയാണെന്ന് ആരോപിച്ച് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി. ഇസ്‌കോൺ ക്ഷേത്രം കത്തിച്ചതുൾപ്പെടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ടുള്ള സമീപകാല അതിക്രമങ്ങളിൽ താക്കറെ രോഷം പ്രകടിപ്പിക്കുകയും സർക്കാരിൻ്റെ പ്രതികരണമില്ലായ്മയെ ചോദ്യം ചെയ്യുകയും ചെയ്തു.അവിടുത്തെ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ എന്നും ഉദ്ധവ് താക്കരെ ചോദിച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷവും ബിജെപിക്കെതിരെ ശക്തമായി മുന്നോട്ടുപോകും എന്ന സൂചനയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പരാജയം തന്നെ വളർത്തിയിട്ടില്ല എന്നുകൂടി വ്യക്തമാക്കുകയാണ് ബാൽ തക്കറെയുടെ മകൻ പ്രധാനമന്ത്രിക്ക് എതിരായ തുറന്ന നിലപാടിലൂടെ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തീവ്ര ഹൈന്ദവ നിലപാടുകളിലേക്ക് ശിവസേന മടങ്ങും എന്ന സൂചനയും ഉണ്ട്.
മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫട്ണാവിസ് നയിക്കുന്ന മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രി ആയതോടെ ഏക്നാഥ് ഷിൻഡെ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കാലക്രമേണ ഈ ഭിന്നത പൊട്ടിത്തെറിയിലേക്ക് എത്തുമെന്നും ഈ അവസരം മുതലെടുത്ത് നഷ്ടപ്രതാപം തിരികെ പിടിക്കാം എന്നുമാണ് ഉദ്ധവ് പക്ഷം വിലയിരുത്തുന്നത്. പ്രതിപക്ഷം എന്ന നിലയിൽ ശക്തമായ നിലപാടുകളും ആയി രാഷ്ട്രീയത്തിൽ സജീവമാകാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം

















