മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ തർക്കമുടലെടുത്തിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനായി എത്തിയപ്പോഴാണ് സംഭവം.
നേരത്തേ മോഹൻ ബാബുവും മകനും തമ്മിലുള്ള തർക്കം മാധ്യമങ്ങളില്‍ വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടർ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. അതിനിടെയാണ് മോഹൻ ബാബു മാധ്യമപ്രവർത്തകനോട് ആക്രോശിക്കുന്നത്. മോഹൻ ബാബു അസഭ്യം പറഞ്ഞെന്നും ക്യാമറ തകർക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മനോജും ഭാര്യ മൗനികയും ചൊവ്വാഴ്ച മോഹൻ ബാബുവിന്റെ വസതിയിലെത്തിയതുമുതലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ തയ്യാറായില്ല. ഇത് രൂക്ഷമായ വാക്പോരിലേക്ക് വഴിവെച്ചു. തന്റെ മക്കള്‍ വീടിനകത്തുണ്ടെന്ന് മനോജ് പറഞ്ഞെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ തയ്യാറായില്ല. പിന്നാലെ മനോജിന്റെ സ്റ്റാഫംഗങ്ങളിലൊരാള്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു.

















