
ഒന്നിന് പിറകെ ഒന്നായി പള്ളികള്‍ക്ക് മേല്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കവെ ഉത്തര്‍ പ്രദേശില്‍ ഇന്ന് ഒരു പള്ളിയുടെ ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂര്‍ ജില്ലയിലെ ലാലോലിയിലുള്ള നൂരി ജമാ മസ്ജിദിന്റെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പള്ളി നിര്‍മിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
180 വര്‍ഷം പഴക്കമുള്ള നൂരി ജമാ മസ്ജിദ് പ്രദേശത്തെ പ്രധാന പള്ളിയാണ്. കൈയ്യേറ്റ ഭൂമിയിലാണ് പള്ളിയുടെ ഒരു ഭാഗമുള്ളതെന്നും പൊളിച്ചുനീക്കണമെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പള്ളി കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ആഗസ്റ്റിലും സെപ്തംബറിലും നോട്ടീസ് നല്‍കിയെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ ഒരു മാസം കൂടി സമയം വേണമെന്ന് പള്ളി കമ്മിറ്റി ആവശ്യപ്പെട്ടു.
വീണ്ടും നല്‍കിയ നോട്ടീസിനെതിരെ പള്ളി കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പള്ളി പൊളിക്കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. ഹര്‍ജി ഡിസംബര്‍ 13ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഉദ്യോഗസ്ഥരെത്തിയത്. ബുള്‍ഡോസറുകള്‍ രാവിലെ തന്നെ എത്തിയിരുന്നു. മേഖലയില്‍ വന്‍ സുരക്ഷ ഒരുക്കി പോലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയാണ് ഫത്തേപൂര്‍ ജില്ല. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. പള്ളിയുടെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. റോഡ് വീതി കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന് വേണ്ടിയാണ് നിയമവിരുദ്ധമായി നിര്‍മിച്ച പള്ളിയുടെ ഭാഗം പൊളിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.’
‘180 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്. സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുത്തിയിരുന്നു. പിന്‍ഭാഗം പൊളിക്കുന്നത് പള്ളിയുടെ മൊത്തം ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ തങ്ങളുടെ വാദം ജില്ലാ ഭരണകൂടം കേട്ടില്ല”- പള്ളി കമ്മിറ്റി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ വാരണാസി, മഥുര എന്നിവിടങ്ങളിലെ പള്ളികളില്‍ ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് സംഭല്‍ പള്ളിയില്‍ സര്‍വെ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയതും സംഘര്‍ഷത്തില്‍ കലാശിച്ചതും. ആറ് പേരാണ് പോലീസ് വെടിയേറ്റ് ഇവിടെ മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എസ്പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ മറ്റു ചില പള്ളികളിലും ഇപ്പോള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.