തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള പദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകള്‍ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.ജനുവരി 15 മുതല്‍ 22 വരെ കേരളത്തിലെ എല്ലാ വീടുകളിലും സന്ദർശനം നടത്തി പാർട്ടിക്കുണ്ടായ പരാജയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവതരിപ്പിച്ച് തുറന്ന സംവാദത്തിന് തയ്യാറാകും. പാർട്ടി നേതൃത്വം മുതല്‍ താഴെ തലം വരെയുള്ള മുഴുവൻ ആളുകളും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ഗൃഹസന്ദർശന പരിപാടിയില്‍ പങ്കെടുക്കും.
ജനുവരി 22-ന് ശേഷം കുടുംബ യോഗങ്ങള്‍ നടത്തും. ഒരു വാർഡില്‍ ഒരു യോഗം എന്ന രീതിയിലാകും നടത്തുക. ശേഷം ഓരോ ലോക്കല്‍ കമ്മിറ്റിയും പൊതുയോഗം നടത്തും.കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്ബത്തിക ഉപരോധത്തില്‍ പ്രതിഷേധിച്ച് ശക്തിയായ പ്രക്ഷോഭ പരിപാടികളും ഇതോടൊപ്പം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനുവരി 12 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സത്യഗ്രഹ സമരം നടത്തും. എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും ഇതില്‍ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്ബത്തിക നയങ്ങള്‍ക്കെതിരായും കേരളത്തിനെതിരായ അവഗണനയ്‌ക്കെതിരായിട്ടുമാണ് സമരം.
മതനിരപേക്ഷത സംരക്ഷിക്കാനുള്ള രാഷ്ട്രീയം ഉന്നം മുന്നോട്ട് വെച്ച് സംസ്ഥാനത്ത് മൂന്ന് വാഹന പ്രചാരണ ജാഥ നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചതായി എം വി ഗോവിന്ദൻ പറഞ്ഞു. ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയാണ് ജാഥ നടത്തുക.തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി അഞ്ചാം തീയതി 23000 വാർഡുകളില്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ഈ പരിപാടിയില്‍ ലോക്ഭവനിലേക്കുള്ള മാർച്ചിന് പ്രഖ്യാപനം നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാകും ഇത്. ജനുവരി 15-നാണ് ഇത് നടത്തുക. ജില്ലകളില്‍ കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ലോക്ഭവന് മുന്നിലുമാണ് പ്രതിഷേധം നടത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.





