വാട്സാപ്പ് അക്കൗണ്ടുകള്‍ കയ്യടക്കുകയാണ് സൈബർ ക്രിമിനലുകള്‍. പ്രമുഖരുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ഈ രീതിയില്‍ തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണം നഷ്ടമായിട്ടുണ്ട്.
ഇപ്പോഴിതാ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമാതാവായ ഷോബു യർലഗഡ്ഡയും സന്തോഷ് ശിവന്റെ അസിസ്റ്റന്റും സൈബറാക്രമണത്തിന് ഇരകളായിരിക്കുകയാണ്.
തമിഴ്നാട് പോലീസിന്റെ സൈബർ ക്രൈം വിങ്ങിലും നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലുമാണ് ഇത് സംബന്ധിച്ച പരാതി എത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് യർലഗഡ്ഡ എക്സിലൂടെ ഈ സംഭവം ആദ്യമായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സന്തോഷ് ശിവൻ ഇൻസ്റ്റഗ്രാമില്‍ തന്റെ വാട്സാപ്പിന്റെ നിയന്ത്രണം നഷ്ടമായതായി അറിയിച്ചത്. തന്റെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും സന്തോഷ് ശിവന്റെ പോസ്റ്റില്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ വാട്സാപ്പ് നമ്ബറുകള്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ വാട്സാപ്പ് ലോഗിൻ ചെയ്യുകയാണ് സൈബർ കുറ്റവാളികള്‍ ചെയ്യുന്നത്. ഇതോടെ യഥാർഥ ഉടമയുടെ ഫോണില്‍ നിന്ന് അക്കൗണ്ട് ലോഗ് ഔട്ട് ആവും. പിന്നീട് ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും അതിന് സാധിക്കില്ല. വാട്സാപ്പ് അയക്കുന്ന ഒടിപി നമ്ബർ സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ കൈക്കലാക്കിയാണ് സൈബർ കുറ്റവാളികള്‍ അക്കൗണ്ടുകള്‍ ലോഗിൻ ചെയ്യുന്നത്. ഒരാളുടെ അക്കൗണ്ട് കയ്യടക്കിയാല്‍ ആ ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റൊരാളെ ഹാക്ക് ചെയ്യാൻ ശ്രമം തുടങ്ങും.
ഉദാഹരണത്തിന് സന്തോഷ് ശിവന്റെ അക്കൗണ്ട് കൈക്കലാക്കിയ ഹാക്കർമാർ അക്കൗണ്ടില്‍ നിന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റിന് സന്ദേശം അയക്കും. ഫോണിലേക്കയച്ച വെരിഫിക്കേഷൻ കോഡ് ചോദിച്ച് കൈക്കലാക്കും. കോഡ് ലഭിക്കുന്നതോടെ ഹാക്കർമാർ വാട്സാപ്പിന്റെ നിയന്ത്രണം കൈക്കലാക്കുന്നു.
യർലഗഡ്ഡയുടേയും സന്തോഷ് ശിവന്റേയും വാട്സാപ്പ് അക്കൗണ്ട് കൈക്കലാക്കിയവർ സിനിമാ മേഖലയിലെ മറ്റ് നിരവധിയാളുകളെ ഈ രീതിയില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സാധാരണ നിലയില്‍ 12 മണിക്കൂർ കഴിഞ്ഞാല്‍ അക്കൗണ്ട് തിരികെ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
സന്തോഷ് ശിവന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ച് അദ്ദേഹത്തിന്റെ ബന്ധു ഒരു ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. കാരണം ആ ഗ്രൂപ്പിന്റെ അഡ്മിൻ അക്കൗണ്ടുകളിലൊന്ന് ഹാക്കർമാർ കയ്യടക്കിയിരുന്നു. ശേഷം ഗ്രൂപ്പില്‍ അഡ്മിൻമാർക്ക് മാത്രം പോസ്റ്റ് ചെയ്യാനാകൂ എന്ന് സെറ്റിങ്സ് മാറ്റി. ഇതോടെ ഗ്രൂപ്പില്‍ മറ്റാർക്കും പോസ്റ്റ് ചെയ്യാൻ പറ്റാതെയായി.
സുഹൃത്തുക്കളോട് പണം ചോദിക്കുന്നതുള്‍പ്പടെയുള്ള തട്ടിപ്പുകളാണ് വാട്സാപ്പ് അക്കൗണ്ടുകള്‍ കയ്യടക്കുന്നതിലൂടെ കുറ്റവാളികള്‍ ചെയ്യുന്നത്.
അതേസമയം മറ്റൊരാള്‍ വാട്സാപ്പിന്റെ നിയന്ത്രണം കൈക്കലാക്കിയാലും അയാള്‍ക്ക് പഴയ ചാറ്റുകള്‍ വായിക്കാൻ കഴിയില്ലെന്നാണ് വാട്സാപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്. എങ്കിലും ഉപഭോക്താക്കള്‍ ഇത് സംബന്ധിച്ച ആശങ്കയിലാണ്.













