പാർലമെൻറ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ യുഡിഎഫ് മുന്നണി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിലാണ്. ഒരു പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരം നഷ്ടപ്പെട്ട മുന്നണിക്കും മുന്നണിയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികൾക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. 2026ൽ ഭരണം തിരികെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസും ലീഗും ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ സംസ്ഥാന രാഷ്ട്രീയത്തിലെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.
ഇക്കാര്യങ്ങൾ മനസ്സിലാക്കി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ ലക്ഷ്യം ആയിട്ടുള്ള നീക്കങ്ങളാണ് മുന്നണിയിലെ കക്ഷികളായ കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉണ്ടാകുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ കോൺഗ്രസിൽ എത്തിയ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർക്ക് പുനസംഘടന കാത്തുനിൽക്കാതെ പാർട്ടിയിൽ ഉന്നത പദവി നൽകാൻ കോൺഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറിയായി സന്ദീപിനെ ഉടനടി നിയമിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
മറുവശത്ത് ലീഗും കരുനീക്കങ്ങൾ ശക്തമാക്കി. സിപിഎമ്മിനോട് ഇടഞ്ഞ സ്വതന്ത്ര എംഎൽഎ പി വി അൻവർ ലീഗിലൂടെ യുഡിഎഫിൽ എത്തിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എതിർപ്പുകൾ ലീഗ് ഇക്കാര്യത്തിൽ കാര്യമാക്കില്ല എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് ചില ചർച്ചകളും നടന്നു കഴിഞ്ഞു. വിഡി സതീശന്റെ എതിർ ക്യാമ്പുകളിൽ പെട്ട കോൺഗ്രസ് നേതാക്കളായ കെപിസിസി അധ്യക്ഷൻ കെ സുധാകരനും, എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുമായി അൻവർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പതിവില്ലാത്ത വിധം ചടുലമായ നീക്കങ്ങളാണ് ഈ തവണ യുഡിഎഫിൽ നിന്നും അതിൻറെ ഭാഗമായി പാർട്ടികളിൽ നിന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ നടത്തിയ മികച്ച പ്രകടനം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നടത്തിയാൽ മാത്രമേ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുവാൻ യുഡിഎഫിനെ കഴിഊയുകയുള്ളൂ. . ഇപ്പോൾ നടക്കുന്ന ഈ രാഷ്ട്രീയ നീക്കങ്ങളെല്ലാം ഇതുതന്നെ ലക്ഷ്യമിട്ടാണ് എന്നും നമുക്ക് ഉറപ്പിക്കാം. ഇതെല്ലാം ഫലപ്രദമാകുമോ എന്നറിയാൻ പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം

















