നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്ബനികളുടെയും സാമ്ബത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്നാണ് വിവരം.
മുൻപ് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ സൗബിൻ ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിനായി താൻ പണം മുടക്കിയിരുന്നുവെന്നും എന്നാല്‍ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. ഏഴ് കോടി രൂപ താൻ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി നല്‍കിയത്.
ഈ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർക്കെതിരെയായിരുന്നു കേസ്. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇഡി സൗബിനെ ചോദ്യം ചെയ്തിരുന്നു.

















