ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്‌സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കിടപ്പുമുറിയില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എംസിഎ ബിരുദധാരിയും ഐടി കമ്ബനിയിലെ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായ ഗിരീഷ് കുമാർ. കൊലപാതകത്തില്‍ പങ്കാളിയായ അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി ഏബ്രഹാം. ഇവർ അപ്പാർട്ട്മെന്റില്‍ ഒരു വർഷമായി തനിച്ചായിരുന്നു താമസം. ഫോണില്‍ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകള്‍ വിവരം പൊലീസിനെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗിരീഷ്കുമാറിന് ജെയ്സിയുമായി നേരത്തെ മുതല്‍ പരിചയമുണ്ട്. ജെയ്സിയുടെ അപ്പാർട്ട്മെന്റില്‍ വച്ചാണ് ഗിരീഷ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ജെയ്സിയെ കൊലപ്പെടുത്തി പണവും സ്വർണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും 2 മാസം മുമ്ബാണ് ഗൂഢാലോചന ആരംഭിച്ചത്. ആരുടേയും കണ്ണില്‍പ്പെടാതെ എങ്ങനെ ജെയ്സിയുടെ ഫ്ലാറ്റിലെത്താമെന്ന് രണ്ടു വട്ടം ഗീരീഷ് കുമാർ ട്രയല്‍ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റില്‍ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ച ഗിരീഷ് രാവിലെ സഹോദരന്റെ ബൈക്കില്‍ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടില്‍ നിന്നും പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിന്‍ റോഡില്‍ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകള്‍ മാറിക്കയറിയാണ് ജെയ്സിയുടെ ഫ്ലാറ്റില്‍ എത്തിയത്. സിസിടിവിയില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാറിന്റെ സഞ്ചാരം. ഫ്ലാറ്റില്‍ വെച്ച്‌ ഗിരീഷ് ജെയ്സിയുമൊത്ത് മദ്യപിച്ചു.

മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബല്‍ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. നിലവിളിച്ചപ്പോള്‍ മുഖം തലയിണ വച്ച്‌ അമർത്തിപ്പിടിച്ചു. തുടർന്ന് കുളിമുറിയില്‍ തെന്നി വീണതാണ് എന്നു വരുത്താനായി ജെയ്സിയെ വലിച്ച്‌ ശുചിമുറിയിലെത്തിച്ചു. തുടർന്ന് ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ് ബാഗില്‍ കരുതിയ മറ്റൊരു ഷർട്ട് ധരിച്ച്‌ കടന്നുകളയുകയായിരുന്നു. ജെയ്സിയുടെ കൈകളില്‍ ധരിച്ചിരുന്ന രണ്ടു സ്വർണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും പ്രതി കൈക്കലാക്കിയിരുന്നു. കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളില്‍ അപ്പാർട്ട്മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങള്‍ പ്രതി നിരീക്ഷിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക