മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച്‌ ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും ഇറക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ല. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇങ്ങനെയൊരു സംഭവം നടക്കുന്നതായി പോലും അറിഞ്ഞ മട്ടില്ല. കേന്ദ്ര- മണിപ്പൂര്‍ സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വത്തിനെതിരെ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ് സഭാ നേതൃത്വങ്ങൾ.

കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് കേരളത്തിലെ മെത്രാന്മാര്‍ മൗനം പാലിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വാസികൾ പോലും ആക്ഷേപിക്കുന്നു. ഈ മാസം 28ന് ഡല്‍ഹിയില്‍ വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാന്നിധ്യം ഉണ്ടാകുമോ എന്നും ഉറപ്പില്ല. കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ) കേരള ചര്‍ച്ചസ് കൗണ്‍സില്‍ തുടങ്ങി സഭകളുടെ സംയുക്ത സംഘടനകളെല്ലാം മണിപ്പൂര്‍ കലാപത്തിന് നേരെ കണ്ണടച്ച മട്ടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രണാതീതമായി തുടരുകയും ക്രൈസ്തവ സമൂഹം കടുത്ത അരക്ഷിതാവസ്ഥയില്‍ തുടര്‍ന്നിട്ടും സഹോദര സഭകളുടെ നിസംഗതയാണ് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സമാനമാണ് സമൂഹമാധ്യമ പ്രതികരണങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും കേരളത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന വിവിധ ക്രിസ്ത്യൻ ആൽമായ ഗ്രൂപ്പുകളുടെയും അവസ്ഥ. കോൺഗ്രസിനെതിരെ വ്യാപക പ്രചരണങ്ങൾ നടത്തുന്ന ഈ കൂട്ടരും മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ മൗനം പാലിക്കുകയാണ്. ബിജെപി പക്ഷപാതിത്വത്തോടെ പെരുമാറുന്ന ഇവരുടെ നിലപാടുകൾക്കെതിരെയും വിശ്വാസ സമൂഹത്തിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗുമായി ചർച്ച നടത്തിയ ലത്തീൻ മതമേലധ്യക്ഷന്മാർക്കെതിരെയും ഇവർ അധിക്ഷേപ പരാമർശങ്ങളും സമൂഹമാധ്യമ പോസ്റ്റുകളുമായി രംഗത്തുവന്നിരുന്നു.

ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി അതിക്രമങ്ങൾ: കണക്കുകൾ ഇങ്ങനെ

ഡല്‍ഹി ആസ്ഥാന മായ യുണൈറ്റ്ഡ് ക്രിസ്ത്യന്‍ ഫോറ(യുസിഎഫ്) ത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 673 അക്രമണങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ നടന്നതായാണ് റിപ്പോര്‍ട്ട്.ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ചത്തീസ് ഗഡ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടന്നതെന്നാണ് യുസി എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം യു പിയില്‍ 182 ഉം ചത്തി സ് ഗഡില്‍ 139 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ക്രൈസ്തവര്‍ക്കെതിരായി രാജ്യത്ത് പ്രതിദിനം രണ്ട് വീതം അക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക