ഉത്തർ പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകള്‍ക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.’നിങ്ങള്‍ക്ക് വെടിവെക്കാനാകില്ല’ എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട് പറയുമ്ബോള്‍, ‘ഞങ്ങള്‍ക്ക് ഉത്തരവുണ്ട്’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാരൻ അടുത്തേക്ക് നടക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്.

കക്രൗലി സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ശർമ്മയാണ് ഈ പൊലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. മുസ്‌ലിംകളെയും യാദവരെയും ലക്ഷ്യമിട്ട് തടയുകയായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി പ്രവർത്തകരെ ഉത്തർ പ്രദേശ് പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി തേജ് പ്രതാപ് സിങ് യാദവ് പറഞ്ഞു. പല ബൂത്തുകളിലും വോട്ടെടുപ്പ് നിർത്തിവെച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുസ്‌ലിം വോട്ടർമാരെ തടയാൻ പോളിങ് സ്റ്റേഷനുകളിലേക്കുള്ള വഴിയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതായി മൊറാദാബാദിലെ കുന്ദർക്കിയില്‍ നിന്നുള്ള സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഹാജി റിസ്‌വാൻ പറഞ്ഞു. പൊലീസ് അനധികൃതമായി വോട്ടർമാരുടെ ആധാർ കാർഡുകള്‍ പരിശോധിച്ച്‌ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് തടയുകയാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) ആരോപിച്ചു. തങ്ങളെ അനുകൂലിക്കുന്നവരെ വോട്ട് ചെയ്യാൻ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് എ.ഐ.എം.ഐ.എം സ്ഥാനാർഥി അർഷാദ് റാണ ആരോപിച്ചു. ഇതോടെ, തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തിട്ടുണ്ട്. കാണ്‍പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവർ ഉള്‍പ്പെടെ നിരവധി പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ കമീഷൻ ഉത്തരവിട്ടു. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട സബ് ഇൻസ്പെക്ടർമാരെ സസ്‌പെൻഡ് ചെയ്ത കാര്യം കാണ്‍പൂർ പൊലീസ് പിന്നീട് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക