അസാധാരണവും അനിയന്ത്രിതവുമായി ശക്തിയാർജ്ജിക്കുക എന്നത് എല്ലാക്കാലത്തും മനുഷ്യന്‍റെ സ്വപ്നമായിരുന്നു. പലകാലങ്ങളില്‍ അവനതിന് ശ്രമിച്ച് നോക്കിയിട്ടുമുണ്ട്.
പണവും അധികാരവും കൊണ്ട് അനിതരസാധാരണമായി കരുത്ത് നേടിയ ആളുകള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. രാജാക്കന്മാരായിരുന്നു അവരിലധികവും. ആധുനിക ലോകത്ത് ദേശരാഷ്ട്രങ്ങളാണ് കരുത്തിന്‍റെ അളവുകോല്‍. വ്യക്തികള്‍ അവിടെ അപ്രസക്തമാണ്. ഈയടുത്തായി അതിനും മാറ്റംവരികയാണ്. ദേശരാഷ്ട്രങ്ങളേക്കാള്‍ ശക്തരായ കോർപ്പറേറ്റുകളെ ഇന്ന് നമ്മുക്ക് കാണാനാകും. കോർപ്പറേറ്റുകളുടെ സ്ഥാപിത താത്പ്പര്യങ്ങള്‍ക്കും അപ്പുറത്തേക്ക് ഒരാള്‍ മാത്രമായി വളർന്നാല്‍ എങ്ങിനുണ്ടാകും. രാഷ്ട്രങ്ങളുടെ നിയന്ത്രണമില്ലാത്ത, കോർപ്പറേറ്റുകളുടെ എത്തിക്കല്‍ നാട്യങ്ങളില്ലാത്ത ഒരാള്‍. അങ്ങനൊരാള്‍ ലോകത്തിന് ഭീഷണിയായി ചുവടുവച്ച് കയറുന്നുണ്ട്. അയാളുടെ പേര് ഇലോണ്‍ മസ്ക് എന്നാണ്. തന്‍റെ നേട്ടങ്ങള്‍ കാട്ടി ലോകത്തിന്‍റെ കയ്യടി വാങ്ങുന്ന ഇലോണ്‍ മസ്കില്‍ മറഞ്ഞിരിക്കുന്ന ഗൂഢലോകങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്.
യാത്രിക മനുഷ്യൻ, വികാരരഹിതൻ
പ്രമുഖ അമേരിക്കൻ ജീവചരിത്രകാരനായ വാള്‍ട്ടൻ ഐസാക്സണ്‍ ഇലോണ്‍ മസ്കിനെപ്പറ്റി പറയുന്ന ഭീതിപ്പെടുത്തുന്നൊരു കാര്യമുണ്ട്. ‘അയാളൊരു യാന്ത്രിക മനുഷ്യനാണ്, അയാള്‍ക്ക് മനുഷ്യ വികാരങ്ങള്‍ തീരെ കുറവാണ്’ എന്നാണ് ഐസാക്സണ്‍ പറയുന്നത്. ഐസാക്സണ്‍ പറയുമ്ബോള്‍ അതത്ര നിസാരമായി എടുക്കാനാവില്ല. മസ്കിന്‍റെ ജീവചരിത്രമെഴുതാൻ രണ്ട് വർഷം ഒപ്പം താമസിച്ചയാളാണ് വാള്‍ട്ടർ ഐസാക്സണ്‍. മസ്കിനെക്കൂടാതെ സ്റ്റീവ് ജോബ്സിന്‍റേയും ഹെന്‍റി കിസിഞ്ചറുടേയും ഐൻസ്റ്റീന്‍റേയും ബെഞ്ചമിൻ ഫ്രാങ്ക്ളിന്‍റേയും ജീവചരിത്രങ്ങള്‍ ഐസാക്സണ്‍ എഴുതിയിട്ടുണ്ട്. സ്റ്റീവ് ജോബ്സിനെ താൻ ഡിസൈൻ സ്റ്റുഡിയോകളിലാണ് ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളതെങ്കില്‍ മസ്ക് എന്നും യന്ത്രങ്ങളുടെ ഒപ്പമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ടെസ്ലയുടെ പ്രൊഡക്ഷൻ ലൈനിലും സ്പേസ് എക്സിന്‍റെ ഹാത്രോണിലെ റോക്കറ്റ് നിർമ്മാണ ശാലയിലുമാണ് മസ്കിന്‍റെ ജീവിതം. യന്ത്രങ്ങളോടും എഞ്ചിനീയർമാരോടുമാണ് അയാള്‍ക്ക് കമ്ബം. ഈ യാന്ത്രികതയാണ് അയാള്‍ ടെസ്ലയും സ്പേസ് എക്സും ന്യൂറാലിങ്കും ബോറിങ് കമ്ബനിയുമെല്ലാം വിജയിപ്പിക്കാൻ കാരണം. ട്വിറ്ററില്‍ അയാള്‍ പരാജയപ്പെടാൻ കാരണവും ഇതേ യാന്ത്രികത തന്നെയാണെന്ന് ഐസാക്സണ്‍ കൂട്ടിച്ചേർക്കുന്നു. മനുഷ്യ വികാരങ്ങളെപ്പറ്റിയുള്ള അജ്ഞത മസ്കില്‍ ഭീതിദമാംവിധം കൂടുതലാണെന്നാണ് അദ്ദേഹം പറയുന്നത്.
അരാജകത്വങ്ങളുടെ ബാല്യ യൗവനങ്ങള്‍
ലോക സംരഭകരുടെ രണ്ട് ബിംബങ്ങളാണ് സ്റ്റീവ് ജോബ്സും ഇലോണ്‍ മസ്കും. രണ്ടുപേരും തമ്മില്‍ ധാരാളം സാമ്യതകളുണ്ട്. അതില്‍ പ്രധാനം അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ കുട്ടിക്കാലമാണ്. അച്ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ട, രണ്ടുപ്രാവശ്യം ദത്തെടുക്കലിന് വിധേയനായ ആളാണ് സ്റ്റീവ് ജോബ്സ്. നിഷേധങ്ങളുടേയും നിരാലംബതയുടേയും കയത്തിലാണ്ടുപോയ ജോബ്സ് തന്‍റെ പില്‍ക്കാല ജീവിതത്തില്‍ ഇതുതന്നെ തനിക്ക് ചുറ്റുമുള്ളവരോടും ചെയ്യുന്നുണ്ട്. കാമുകിയില്‍ തനിക്കുണ്ടായ കുട്ടിയെ ഒരിക്കലും ജോബ്സ് അംഗീകരിച്ചിരുന്നില്ല. ടൈം മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ‘അമേരിക്കയിലെ 28 ശതമാനം ആണുങ്ങള്‍ തന്‍റെ മകളുടെ പിതാക്കളാകാൻ സാധ്യതയുണ്ട്’ എന്നായിരുന്നു ജോബ്സ് പറഞ്ഞത്. ഇതുകേട്ട് അപമാനിതയായ ജോബ്സിന്‍റെ കാമുകി ക്രിസാന്ന ബ്രെന്നൻ മകളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് തിരിച്ചടിച്ചത്. ടെസ്റ്റില്‍ പിതാവാണെന്ന് തെളിഞ്ഞിട്ടും ജോബ്സ് തന്‍റെ പിതൃത്വ നിഷേധം തുടരുന്നുണ്ട്. ടെസ്റ്റുകള്‍ തെറ്റാനുള്ള സാധ്യത ഒരുശതമാനമാണെന്നായിരുന്നു ജോബ്സിന്‍റെ വിചിത്ര വാദം. കുട്ടിക്കാലത്തെ മാനസികാഘാതങ്ങളാണ് സ്റ്റീവ് ജോബ്സിനെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ പക്ഷം.
ഇനി ആപ്പിളിലേക്ക് വന്നാല്‍ തന്‍റെ ചുറ്റുമുള്ള ഒരാളേയും ജോബ്സ് പരിധിവിട്ട് അംഗീകരിച്ചിരുന്നില്ല. ആപ്പിള്‍ സഹസ്ഥാപകനും കമ്ബനിയുടെ എല്ലാ ഉത്പ്പന്നങ്ങളുടേയും നിർമ്മാതാവുമായ സ്റ്റീവ് വോസ്നിയാകിനെ എപ്പോഴും തന്‍റെ നിഴലില്‍ നിർത്താനാണ് ജോബ്സ് ശ്രമിച്ചത്. കാലിഗ്രഫിയിലും ഡിസൈനിങ്ങിലും ഏറെ കമ്ബമുണ്ടായിരുന്ന ജോബ്സ് ആപ്പിള്‍ പ്രോഡക്ടുകളുടെ മാസ്റ്റർ ഡിസൈനറും വിദഗ്ധനായ പ്രമോട്ടറും ആയിരുന്നു. ജോബ്സ് ആയിരുന്നു കമ്ബനിയുടെ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിന്‍റെ അവതാരകൻ. ഇതെല്ലാമാണ് ആപ്പിള്‍ എന്നാല്‍ സ്റ്റീവ് ജോബ്സ് എന്ന ചുരുക്കത്തിലേക്ക് കാര്യങ്ങള്‍ എത്താൻ കാരണം. ആപ്പിളിലെ ടീം വർക്കിനെ അംഗീകരിക്കാത്ത ജോബ്സിന്‍റെ നിലപാടുകള്‍ അദ്ദേഹത്തിന്‍റെ പുറത്താക്കലിലേക്കുവരെ കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്.
മസ്കിലേക്ക് വന്നാല്‍ കുറച്ചുകൂടി സങ്കീർണ്ണമാണ് കാര്യങ്ങള്‍. ജോബ്സിനേക്കാള്‍ ഇരുണ്ടതാണ് മസ്കിന്‍റെ കുട്ടിക്കാലം. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അത്ര സുഖകരമായിരുന്നില്ല മസ്കിന്‍റെ ബാല്യകാലം. സൗത്ത് ആഫ്രിക്കയില്‍ ആയിരുന്നു ഇലോണും കുടുംബവും ജീവിച്ചിരുന്നത്. പിതാവ് ഇറോള്‍ മസ്ക് ആയിരുന്നു കുഞ്ഞ് ഇലോണിന്‍റെ ജീവിതത്തിലെ ‘പിശാച്’. ഓട്ടിസം സ്പെക്ട്രത്തില്‍ ഉള്‍പ്പെട്ട ഇലോണിനെ പിതാവ് ഇറോള്‍ നിഷ്ടുരമായി ഉപദ്രവിച്ചിരുന്നു. അറിയപ്പെടുന്ന മെക്കാനിക്കല്‍ എഞ്ചിനീയറായ ഇറോള്‍ മസ്ക് മകൻ ഒരു പരാജിതനാകുമെന്നായിരുന്നു ധരിച്ചിരുന്നത്. സ്കൂള്‍ ക്ലാസുകളില്‍ മാർക് കുറഞ്ഞതിന് തല്ലിയും മണിക്കൂറുകള്‍ വീടിന് പുറത്തുനിർത്തിയും തന്നെ ശിക്ഷിച്ചിരുന്ന പിതാവിനെപ്പറ്റി ഇലോണ്‍ മസ്ക് വാള്‍ട്ടർ ഐസാക്സനോട് പറയുന്നുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങളും മസ്കിനെ ഉലച്ചിരുന്നു. മാതാവ് മെയ് മസ്ക് അറിയപ്പെടുന്ന മോഡലും മിസ് സൗത്ത് ആഫ്രിക്ക ഫൈനലിസ്റ്റും ഒക്കെയായിരുന്നു. എന്നാല്‍ ഒമ്ബത് വർഷത്തെ ദാമ്ബത്യം മാത്രമായിരുന്നു ഇറോള്‍ മസ്കും മെയ് മസ്കും തമ്മിലുണ്ടായിരുന്നത്.
മാതാപിതാക്കള്‍ വേർപിരിഞ്ഞശേഷം അച്ഛനോടൊപ്പമായിരുന്നു ഏറെക്കാലം ഇലോണിന്‍റെ ജീവിതം. പിതാവിന്‍റെ വീട്ടിലെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും അന്ന് അപൂർവ്വമായിരുന്ന കമ്ബ്യൂട്ടറും ആണ് തന്നെ അവിടെ തുടരാൻ പ്രേരിപ്പിച്ചത് എന്നാണ് ഇലോണ്‍ പിന്നീട് പറഞ്ഞത്. അവിടേയും ഒരുതരം യാന്ത്രികത അയാളില്‍ കാണാനാകും. അമ്മയുടെ വൈകാരിക പിന്തുണയേക്കാള്‍ അക്രമിയായ പിതാവിന്‍റെ ഭൗതിക സമ്ബത്താണ് അയാളെ കൂടുതല്‍ ആകർഷിക്കുന്നത്. സഹോദരങ്ങളായ കിംബല്‍ മസ്കും ടോസ്ക മസ്കും അമ്മക്കൊപ്പം പോയപ്പോഴാണ് ഇലോണ്‍ മറിച്ചൊരു തീരുമാനം എടുക്കുന്നത്. ഒരു പത്ത് വയസുകാരന്‍റെ ആ തീരുമാനം അത്ര നിഷ്ക്ളങ്കമല്ല എന്ന് കാണാനാകും.
ഇതിനെക്കാളെല്ലാം ഇലോണിനെ തകർത്തത് മറ്റൊരു സംഭവമായിരുന്നു. പിതാവിന് വളർത്തുമകളില്‍ രണ്ട് കുട്ടികള്‍ ജനിച്ചത് ഇലോണിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇറോള്‍ മസ്കിന്‍റെ രണ്ടാം ഭാര്യയായ ഹെയ്ദെ ബസൂദിനെയുടെ മകള്‍ ജാന ബസൂദിനെയിലാണ് ഇലോണിന് സഹോദരങ്ങള്‍ ജനിച്ചത്. തന്‍റെ പൈതൃകത്തിലെ ഈ കളങ്കം ഇലോണിനെ ഇന്നും വേട്ടയാടുന്നുണ്ടെന്നും പിതാവിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തെ അലോസരപ്പെടുത്താറുണ്ടെന്നും വാള്‍ട്ടർ ഐസാക്സണ്‍ പറയുന്നു.
പിശാചിനാല്‍ പ്രചോദിതൻ
ഉള്ളിലെ തിന്മകള്‍ ചില മനുഷ്യരെ അസാധാരണമായ തലത്തിലേക്ക് ഉയർത്താറില്ലേ. ഈ ലോകത്ത് അതിന് ഏറ്റവും നല്ല ഉദാഹരണം ഇലോണ്‍ മസ്കാണ്. പിശാചിനാല്‍ പ്രചോദിതനാണ് മസ്ക്. അപമാനിതനും പരിഹാസപാത്രവുമായ ഒരാള്‍ അതിനെ അതിജീവിക്കാൻ വിചിത്രമായ വഴികളിലൂടെ നടത്തിയ സഞ്ചാരമാണ് മസ്കിന്‍റെ ജീവിതം. നിലവില്‍ അയാള്‍ അനിതരസാധാരണമാം കരുത്താർജ്ജിക്കുന്ന തിരക്കിലാണ്. ഭൂമിയിലും ആകാശത്തും യുദ്ധങ്ങള്‍ നടത്താനയാള്‍ പ്രാപ്തനാണ്. ടെസ്ലയിലൂടെ സമ്ബാദിക്കുന്ന കോടികള്‍ സ്പേസ് എക്സിലേക്കും ന്യൂറാലിങ്കിലേക്കും ഒഴുക്കുകയാണയാള്‍. മസ്കിന്‍റെ അപകടകരമായ പ്രോജക്ടുകളാണ് ഇത് രണ്ടും. എക്സ് എ.ഐ എന്ന പേരില്‍ ഒരു ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് കമ്ബനിയും മസ്കിനുണ്ട്. സാം ആള്‍ട്ട്മാനുമൊത്ത് ഓപ്പണ്‍ എ.ഐ തുടങ്ങിയ ടീമില്‍ ഇലോണ്‍ മസ്ക് ഉണ്ടായിരുന്നു എന്നതാണ് രസകരം. പിന്നീട് മസ്ക് അവിടുന്ന് പിണങ്ങിയിറങ്ങുകയായിരുന്നു. എന്തായലും സാം ആള്‍ട്ട്മാൻ മൈക്രോ സോഫ്റ്റുമായി കൈകോർത്തപ്പോള്‍ മസ്ക് പുതിയൊരു വഴിവെട്ടി. അതാണ് എക്സ് എ.ഐ. ഭാവിയിലെ എ.ഐ വിഹിതത്തില്‍ ഒരു പങ്ക് എന്നതാണ് ആ കമ്ബനിയുടെ ലക്ഷ്യം.
സ്പേസ് എക്സ് എന്ന വജ്രായുധം
യാത്രകളായിരുന്നു എന്നും ഇലോണ്‍ മസ്കിനെ പ്രചോദിപ്പിച്ചതെന്ന് തോന്നുന്നു. ടെസ്ല ഭൂമിയിലെ യാത്രകള്‍ക്കുള്ളതാണെങ്കില്‍ സ്പേസ് എക്സ് ശൂന്യാകാശ സഞ്ചാരത്തിനുള്ളതാണ്. മസ്കിന്‍റെ മറ്റൊരു സംരംഭമായ ബോറിങ് കമ്ബനി അതിവേഗ യാത്രകള്‍ക്കുള്ള സാമഗ്രികള്‍ ഉണ്ടാക്കാനുള്ളതാണ്. 2002ലാണ് മസ്ക് സ്പേസ് എക്സ് തുടങ്ങുന്നത്. വിചിത്രമായൊരു ആശയമാണ് അന്നും ഇന്നും സ്പേസ് എക്സ്. ഒരുവ്യക്തി ബഹിരാകാശ യാത്രകള്‍ നടത്താനുള്ള വാഹനം നിർമ്മിക്കുന്നു എന്നതാണ് സ്പേസ് എക്സിന്‍റെ കണ്‍സപ്റ്റ്. ലോകത്ത് ബഹിരാകാശ യാത്രകള്‍ സാധ്യമാക്കിയ രാഷ്ട്രങ്ങള്‍ തന്നെ ചുരുക്കമാണെന്നോർക്കണം. അപ്പോഴാണ് ഒരു മനുഷ്യൻ അത്തരമൊരുകാര്യം ചിന്തിക്കുന്നത്. ബഹിരാകാശ യാത്ര നടത്താൻ ഒരു റോക്കറ്റും വാഹനവും ആവശ്യമാണ്. ഇത് രണ്ടും നിർമ്മിക്കുന്നത് ലോകത്തിലെതന്നെ ഏറ്റവും ചിലവേറിയ കാര്യങ്ങളും. പക്ഷെ ഇലോണ്‍ പിന്മാറിയില്ല. ചൊവ്വാ ഗ്രഹത്തില്‍ കോളനികള്‍ ഉണ്ടാക്കുന്ന, അങ്ങോട്ടേക്ക് വിനോദയാത്ര പോകുന്ന മനുഷ്യരായിരുന്നു അയാളുടെ സ്വപ്നങ്ങളില്‍ നിറയെ. ശൂന്യാകാശ യാത്രകളെ ചിലവ് കുറഞ്ഞതാക്കുക എന്നതായിരുന്നു സ്പേസ് എക്സിന്‍റെ പ്രഖ്യാപിത ദൗത്യം. കുറഞ്ഞ ചിലവില്‍ ഇന്‍റർനെറ്റ് എന്നതും ഇവരുടെ ബിസിനസ്സായിരുന്നു. തുടങ്ങി 22 വർഷം പിന്നിടുമ്ബോള്‍ സ്പേസ് എക്സ് ലക്ഷ്യങ്ങളില്‍ പകുതിയും സാക്ഷാത്കരിച്ചിട്ടുണ്ട്.
സ്റ്റാർലിങ്ക്, ആകാശ വല
സ്പേസ് എക്സ് ആദ്യകാലത്ത് വാർത്തകളില്‍ നിറഞ്ഞുനിന്നത് അവരുടെ തകർച്ചകളുടെ കഥകളിലൂടെയായിരുന്നു. കമ്ബനി വിക്ഷേപിച്ച റോക്കറ്റുകള്‍ പൊട്ടിത്തെറിക്കുക അക്കാലത്ത് പതിവായിരുന്നു. സ്പേസ് ടൂറിസം എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കാൻ ഈ പ്രതിസന്ധിഘട്ടത്തിലും ഇലോണ്‍ മസ്ക് കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു. തുടർച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ സ്പേസ് എക്സ് എങ്ങിനെയാണ് അതിജീവിച്ചത്. ആ അന്വേഷണം ചെന്നെത്തുക സ്റ്റാർലിങ്കിലേക്കാണ്. സ്പേസ് എക്സിന്‍റെ ജീവവായുവാണ് സ്റ്റാർലിങ്ക്. കമ്ബനിയുടെ വരുമാനത്തിന്‍റെ പകുതിയും സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനങ്ങളിലൂടെയാണ് ലഭിക്കുന്നത്.
രാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ ചെയ്യുന്നതെല്ലാം സ്റ്റാർലിങ്ക് വഴിയും ചെയ്യാനാകും. പ്രധാനമായും ഇന്‍റർനെറ്റ് സേവനങ്ങളാണ് സ്റ്റാർലിങ്കിലൂടെ സ്പേസ് എക്സ് നല്‍കുന്നത്. 2019 ലാണ് ആദ്യ ബാച്ച് സ്റ്റാർലിങ്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത്. പാസഞ്ചർ ബസുകളുടെ വലുപ്പമുള്ള നിരവധി സാറ്റലൈറ്റുകള്‍ ഒരു ബാച്ചില്‍ ഉണ്ടാകും. മറ്റ് ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാർലിങ്ക് കേന്ദ്രീകരിച്ചിരിക്കുന്നത് ലോ എർത് ഓർബിറ്റ് എന്ന് വിളിക്കുന്ന ഭൂമിയോട് ചേർന്ന ഭ്രമണപഥങ്ങളിലാണ്. ഭൂമിയില്‍നിന്ന് കാണാവുന്ന തരത്തിലാണ് ഇവയുടെ കറക്കം. നിലവില്‍ 60 രാജ്യങ്ങളില്‍ സ്റ്റാർലിങ്ക് സേവനങ്ങള്‍ ലഭ്യമാണ്. ഏഴ് ഭൂഘണ്ഡങ്ങളിലായി 20 ലക്ഷം പ്രതിദിന ഉപഭോക്താക്കള്‍ സ്റ്റാർലിങ്കിനുണ്ട്. 2023ല്‍ സ്പേസ് എക്സിനായി സ്റ്റാർലിങ്ക് ഉണ്ടാക്കിയ വരുമാനം 300 കോടി ഡോളറിന്‍റേതാണ്.
യുദ്ധത്തിലും ഇടപെടുന്ന മസ്ക്
കേള്‍ക്കുമ്ബോള്‍ ആകർഷകമായിത്തോന്നുന്നതാണ് സ്പേസ് എക്സ് പ്രവർത്തനങ്ങള്‍. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാനാവുക അനിയന്ത്രിതമായി കരുത്താർജ്ജിക്കുന്ന ഒരു മനുഷ്യനെയാണ്. റഷ്യ-ഉക്രെയിൻ യുദ്ധത്തില്‍ മസ്കിന്‍റെ ഇടപെടല്‍ ഇതിന് ഉദാഹരണമാണ്. റക്ഷ്യക്കെതിരില്‍ ഉക്രെയിനെ സഹായിക്കാൻ സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് സേവനം മസ്ക് നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ റഷ്യ സ്റ്റാർലിങ്ക് റിസീവറുകള്‍ വ്യാപകമായി ബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. ദേശരാഷ്ട്രങ്ങള്‍ക്കുമാത്രം സാധ്യമായിരുന്ന കാര്യങ്ങള്‍ നിയന്ത്രണങ്ങളേതുമില്ലാത്ത ഒരു മനുഷ്യന് സാധ്യമാവുക എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഭാവിയില്‍ തന്‍റെ താത്പ്പര്യങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന ഏതൊരു ശക്തിക്കും ഇത്തരം സഹായങ്ങള്‍ നല്‍കാൻ മസ്കിനാകും. നന്മക്കുമാത്രമല്ല തിന്മകള്‍ക്കും ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കാനുമാകും. ഒരുരാഷ്ട്രത്തിലെ വലിയൊരുകൂട്ടം ഭരണവർഗ്ഗ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങള്‍ ഒരാള്‍ ഒറ്റക്ക് എടുക്കുമ്ബോഴുള്ള അവസ്ഥ ഞെട്ടലുളവാക്കുന്നതാണ്.
ന്യൂറാലിങ്ക് എന്ന നിഗൂഡ പദ്ധതി
ഇലോണ്‍ മസ്കിന്‍റെ പ്രഖ്യാപിത കമ്ബനികളില്‍ ഏറ്റവും അപകടകാരിയാണ് ന്യൂറാലിങ്ക്. മനുഷ്യന്‍റെ തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്തുകയും അതിലൂടെ സൂപ്പർഹ്യൂമനുകളേയും സൈബോർഗുകളേയും ഉണ്ടാക്കുകയാണ് ന്യൂറാലിങ്കിന്‍റെ ലക്ഷ്യം. തലച്ചോറില്‍ ഇംപ്ലാന്‍റുകള്‍ സ്ഥാപിച്ചാണിത് സാധ്യമാക്കുക. മൃഗങ്ങളില്‍നിന്ന് മനുഷ്യനിലേക്ക് ഈ പരീക്ഷണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ് കമ്ബനിയിപ്പോള്‍. കുരങ്ങുകളിലും പന്നികളിലുമൊക്കെ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമാണ് എന്ന പ്രഖ്യാപനത്തിന് ശേഷമാണ് ഹ്യൂമൻ ട്രയലിലേക്ക് മസ്ക് കടന്നത്. സ്പൈനല്‍കോഡിന് ക്ഷതമേറ്റ് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട നോളണ്ട് ആർബോ എന്ന 30കാരനാണ് ആദ്യമായി ന്യൂറാലിങ്ക് ഇംപ്ലാന്‍റ് തലച്ചോറില്‍ ഏറ്റുവാങ്ങിയത്. മനുഷ്യരില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരായി അമേരിക്കയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
മസ്കിനെപ്പോലൊരാളെ എന്നും സംശയത്തോടെയാണ് അമേരിക്കൻ ശാസ്ത്ര സമൂഹം നോക്കിക്കാണുന്നത്. അതിന് കാരണം സാങ്കേതികതയില്‍ സ്വാധീനം ലഭിക്കാൻ ഏതറ്റംവരേയും പോകുന്ന മസ്കിന്‍റെ രീതിതന്നെയാണ്. മനുഷ്യരെ യന്ത്രങ്ങളെന്നപോലെ കൈാര്യം ചെയ്യുന്നതാണ് മസ്കിന്‍റെ രീതി. അയാളുടെ സ്വഭാവ സവിശേഷതകളെപ്പറ്റി ജീവചരിത്രകാരൻ വാള്‍ട്ടർ ഐസാക്സണ്‍ വിവരിക്കുന്ന ചില അനുഭവങ്ങള്‍ ഞെട്ടലോടെ മാത്രമാണ് നമ്മുക്ക് കേട്ടിരിക്കാനാവുക.
മസ്കിനോടൊപ്പം അയാളുടെ വീട്ടില്‍ താമസിക്കുന്ന സമയത്ത് ഒരിക്കല്‍ പാതിരാത്രിയില്‍ നടത്തിയ ഒരു സോളാർ റൂഫ് ഇൻസ്റ്റലേഷൻ ഐസാക്സണ്‍ ഓർക്കുന്നുണ്ട്. മസ്കും തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. ഇതിനിടെ ഒരുപാട് യന്ത്രസാമഗ്രികള്‍ക്ക് ഇടയിലൂടെ മസ്കിന്‍റെ മകൻ ‘എക്സ്’ ഓടി നടക്കുന്നുണ്ടായിരുന്നു. അവൻ അതില്‍ തട്ടി അപകടം പറ്റുമോ എന്ന് താൻ ഭയന്നെങ്കിലും മസ്ക് ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ ജോലികളില്‍ വ്യാപൃതനായിരുന്നെന്നാണ് ഐസാക്സണ്‍ പറയുന്നത്. ആ കുട്ടിയെ വാരിയെടുത്ത് അവിടെനിന്ന് മാറ്റാൻ താൻ ആഗ്രഹിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരിക്കല്‍ തീയില്‍ കളിക്കുന്ന എക്സിനെ തടയാതെ നോക്കിയിരുന്ന മസ്കിനെ കണ്ടതായും ഐസാക്സണ്‍ ഓർത്തെടുക്കുന്നുണ്ട്.
നിസ്സഹായത മുതലെടുക്കുമ്ബോള്‍
ന്യൂറാലിങ്ക് മനുഷ്യരില്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടുമ്ബോള്‍ ലക്ഷ്യംവയ്ക്കുന്നത് ഒന്നും നഷ്ടപ്പെടാനില്ലാത്ത നിരാലംബരായ ആളുകളെയാണ്. നട്ടെല്ല് തകർന്ന് ചലനശേഷി നഷ്ടമായവർക്ക് പ്രതീക്ഷയുടെ കിരണം നല്‍കിയാണ് കമ്ബനി സ്വാധീനിക്കുന്നത്. മസ്കിന്‍റെ പദ്ധതികളിലെല്ലാം മനുഷ്യജീവിതം അനായാസമാക്കുക എന്നൊരു ആശയമുണ്ടാകും. ടെസ്ലയില്‍ സ്വയം ഓടുന്ന കാർ എന്ന സങ്കല്‍പ്പം നടപ്പാക്കിയതും ഇങ്ങിനെയായിരുന്നു. എന്നാല്‍ ഓട്ടോ പൈലറ്റ് മോഡില്‍ ടെസ്ല കാറുകള്‍ തുടർച്ചയായി അപകടത്തില്‍പ്പെട്ട് ആളുകള്‍ കത്തിമരിക്കുന്നത് അമേരിക്കയില്‍ വലിയ വിവാദമാണിന്ന്. ഈ വിഷയത്തിലും പരിഹാരത്തിനേക്കാളുപരി കാറുടമകളില്‍ കുറ്റം ചാർത്താനാണ് മസ്ക് തുനിഞ്ഞത്. സാങ്കേതികമായ ന്യായങ്ങള്‍ ചമച്ച് ഇത്തരം കേസുകളില്‍നിന്ന് ടെസ്ല തടിയൂരുകയാണ് പതിവ്. ന്യൂറാലിങ്കിലും മനുഷ്യസ്നേഹികള്‍ ഭയപ്പെടുന്നത് ഇതുതന്നെയാണ്. പ്രവചനാതീതമായ ഫലങ്ങളുള്ള ന്യൂറാലിങ്ക് പരീക്ഷണങ്ങളില്‍ വരുന്ന ഭവിഷ്യത്തുകളില്‍ മാനവികത തൊട്ട്തീണ്ടാത്ത ഇലോണ്‍ മസ്കിനെപ്പോലൊരാള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഭയത്തോടെയാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്. ഇത്തരമൊരാള്‍ക്ക് കൈവരുന്ന അമിതശക്തി മാനവരാശിക്കുതന്നെ അപകടമുണ്ടാക്കും എന്ന് കരുതുന്നവരും ധാരാളമുണ്ട്.
ട്വിറ്ററില്‍വരുത്തിയ ‘പരിഷ്കാരങ്ങള്‍’
മസ്കിന്‍റെ കുപ്രസിദ്ധി കൂട്ടിയ പദ്ധതിയായിരുന്നു ട്വിറ്ററിന്‍റെ ഏറ്റെടുക്കലും അതില്‍ വരുത്തിയ പരിഷ്കാരങ്ങളും. ‘അഭിപ്രായ സ്വാതന്ത്ര്യം കുറച്ച് ചിലവേറിയതാണ്'(ഫ്രീ സ്പീച്ച് അത്ര ഫ്രീയല്ല) എന്നായിരുന്നു ട്വിറ്ററിലെ മാറ്റങ്ങളെപ്പറ്റി മസ്ക് പ്രതികരിച്ചത്. മാനവികതയെ പറ്റിയോ മനുഷ്യവികാരങ്ങളെപ്പറ്റിയോ സാമാന്യധാരണയില്ലാത്ത ഒരു സാങ്കേതികവിദ്യാ ഉന്മത്തനാണ് മസ്ക് എന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ട്വിറ്ററിന്‍റെ എക്സിലേക്കുള്ള മാറ്റം. ട്വിറ്ററിനെ അടിമുടി കച്ചവടവത്കരിക്കുകയാണ് മസ്ക് ചെയ്തത്. ആദ്യംതന്നെ ട്വിറ്ററിനെ അദ്ദേഹം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാക്കി മാറ്റി. തുടർന്ന് ഓണ്‍ലൈൻ മീറ്റിങ് വിളിച്ച് ട്വിറ്ററിന്‍റെ തലപ്പത്തുള്ള ആളുകളെ പരസ്യമായി പുറത്താക്കി. പിന്നീട് 7500ലധികംവരുന്ന തൊഴിലാളികളേയും പിരിച്ചുവിട്ടു. അതിനുശേഷം ട്വിറ്ററിന്‍റെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് റദ്ദാക്കുകയായിരുന്നു മസ്ക്. തന്‍റെ ഒരു കമ്ബനിയിലും ഇത്തരമൊരു വകുപ്പില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.പിന്നീടായിരുന്നു ബ്ലൂടികിന് പണം ഈടാക്കുക എന്ന വിവാദ നടപടിയുണ്ടായത്. പണം നല്‍കുന്നവർക്ക് ബ്ലൂടിക്കിനൊപ്പം നിരവധി അധിക സൗകര്യങ്ങളും മസ്ക് നല്‍കി. കൂടുതല്‍ എഴുതാനും കുറച്ച് പരസ്യം കാണാനും ഇത്തരക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. പണം നല്‍കുന്നവർക്ക് കൂടുതല്‍ ട്വീറ്റുകള്‍ കാണാനും സൗകര്യമുണ്ടായിരുന്നു. ജനാധിപത്യ മൂല്യങ്ങളും ‘മസ്കിയൻ’ മൂല്യങ്ങളും തമ്മില്‍ ഒരിക്കലും ചേരില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു ട്വിറ്ററിന്‍റെ ഏറ്റെടുക്കല്‍.
ട്രംപും മസ്കും തമ്മില്‍
ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിർണ്ണായക ചാലക ശക്തിയായത് ഇലോണ്‍ മസ്ക് ആയിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ പ്രതിരൂപമായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്‍റാകുമ്ബോള്‍ നിർണായക സ്ഥാനത്ത് മസ്ക് വരികയാണ്. മസ്കിനുവേണ്ടി പുതിയൊരു വകുപ്പ് തന്നെ ട്രംപ് തുടങ്ങിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യൻസി(ഡി.ഒ.ജി.ഇ) എന്നാണതിന്‍റെ പേര്. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത കൂട്ടുക എന്ന ലക്ഷ്യമാണ് ഡിപ്പാർട്ട്മെന്‍റിനുള്ളത്. ദിവസത്തില്‍ ഒരാള്‍ 12 മണിക്കൂർ ജോലി ചെയ്യണം എന്നതാണ് മസ്കിന്‍റെ പ്രഖ്യാപിത നയം. തന്‍റെ കമ്ബനികളില്‍ ജോലിക്കാരെ ഇതിനായി മസ്ക് നിർബന്ധിക്കാറും ഉണ്ട്. അമേരിക്കക്കാരെ മുഴുവൻ ഇതേ ‘നിലവാരത്തില്‍’ എത്തിക്കാനാണ് പുതിയ വകുപ്പും അതിന്‍റെ തലപ്പത്ത് മസ്കും എത്തുന്നത്. ട്രംപിനൊപ്പം അമിതാധികാര പ്രിയനായ മസ്ക് കൂടി എത്തുമ്ബോള്‍ ഭയപ്പെടാനേറെയുണ്ട്. ലോകത്തിലെ ഏറ്റവുംവലിയ സൈനിക സാമ്ബത്തിക ശക്തിയായ അമേരിക്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാകുന്നു എന്നുതന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നത്.
വിമർശകനില്‍നിന്ന് ‘വിശ്വാസി’യിലേക്ക്
പ്രസിഡന്‍റായുള്ള ട്രംപിന്‍റെ ആദ്യ ഊഴത്തില്‍ മസ്ക് അദ്ദേഹത്തിന്‍റെ വിമർശകനായിരുന്നു. ആദ്യം ഹിലാരിയേയും പിന്നീട് ബൈഡനേയുമാണ് മസ്ക് പിന്തുണച്ചത്. 2021ല്‍ ബൈഡൻ പ്രസിഡൻസിയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബൈഡൻ തന്നെ അവഗണിക്കുന്നു എന്ന പരാതി മസ്ക് പരസ്യമായി പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഫ്യൂച്ചർ സമ്മിറ്റില്‍ മസ്കിനെ വൈറ്റ്ഹൗസ് ക്ഷണിക്കാത്ത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സ്പേസ് എക്സിന്‍റെ വിജയങ്ങളില്‍ ബൈഡൻ അഭിനന്ദനം അറിയിക്കാത്തതും മസ്കിനെ രോഷാകുലനാക്കിയിരുന്നു. ‘അയാള്‍ ഇപ്പോഴും ഉറങ്ങുകയായിരിക്കും’ എന്നായിരുന്നു ബൈഡനെ പരിഹസിച്ച് മസ്ക് അന്ന് എക്സില്‍ കുറിച്ചത്. ഇതിന്‍റെ തുടർച്ചയിലാണ് മസ്ക് ട്രംപ് ക്യാമ്ബിലെത്തിയത്. ഇതിനിടയില്‍ നടന്ന ഡീലുകള്‍ എന്താണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇന്നും ദുരൂഹമാണ്.
കരാറുകള്‍ വിഴുങ്ങുന്ന മസ്ക്
നേരത്തേതന്നെ അമേരിക്കൻ സർക്കാറിന്‍റെ വിവിധതരം കരാറുകള്‍ ധാരാളമായി തരപ്പെടുത്തുന്നയാളാണ് ഇലോണ്‍മസ്ക്. പ്രത്യേകിച്ചും നാസയുടെ ഉപകരാറുകള്‍ ലഭിക്കുന്ന പ്രധാന കമ്ബനിയാണ് സ്പേസ് എക്സ്. ട്രംപ്-മസ്ക് കൂട്ടുകെട്ട് വരുന്നതോടെ ഇതിന് ആക്കംകൂടും. മോദിയുടെ തണലില്‍ തന്‍റെ സമ്ബത്ത് ആയിരക്കണക്കിന് ഇരട്ടിയായി വളർത്തുന്ന അദാനിയുടെ മാതൃകയില്‍ ട്രംപിന്‍റെ തണലില്‍ മസ്ക് തഴച്ച്‌വളരും. തന്‍റെ നിഗൂഡ അജണ്ടകള്‍ പുറത്തെടുക്കാനും പുതിയ ഉയരങ്ങളിലേക്ക് അവ എത്തിക്കാനും മസ്കിന് ഇനി അനായാസം സാധിക്കും. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ലാഭക്കൊതിയന്മാരായ മുതലാളിമാർ നേരിട്ട്തന്നെ ഭരണകൂടങ്ങള്‍ നിയന്ത്രിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പുതിയതലമാണ് അമേരിക്കയില്‍ ഉദയംകൊള്ളുന്നത്. ലോകത്താകമാനം ഈ അമേരിക്കൻ മോഡല്‍ വരുമെന്നുള്ളത് ഉറപ്പാണ്.
സാത്താന്‍റെ ഉദയം?
ഡിസി കോമിക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന ലെക്സ് ലൂഥർ എന്ന സൂപ്പർ വില്ലനെ ഓർമയില്ലേ. ഇലോണ്‍ മസ്കിനെ നമ്മുക്ക് താരതമ്യപ്പെടുത്താവുന്നത് ലൂഥറുമായിട്ടാണ്. അമാനുഷിക ശക്തികള്‍ ഒന്നുമില്ലാത്ത, ലെക്സ് കോർപ്പറഷേന്‍റെ സിഇഒ എന്ന പദവിയിലുള്ള ആളാണ് ലൂഥർ. അയാളൊരു ആത്മരതിക്കാരനും ദുരഭിമാനിയുമായ ഭ്രാന്തൻ ശാസ്ത്രജ്ഞനാണ്. ബിസിനസും രാഷ്ട്രീയവും സയൻസും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ലോകത്ത് തിന്മപടർത്തുകയാണ് ലെക്സ് ലൂഥർ ചെയ്യുന്നത്. സൂപ്പർമാനാണ് അയാളുടെ പ്രധാന ശത്രു. അമേരിക്കയിലെ ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ മസ്കിന്‍റെ പരിവേഷം ലെക്സ് ലൂഥറിന്‍റേതാണ്. അയാള്‍ക്ക് കൈവരുന്ന അമിത പ്രാധാന്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. തന്‍റെ പണശക്തിയിലൂടെയും സാങ്കേതികവിദ്യയിലെ സ്വാധീനംവഴിയും അയാള്‍ ലെക്സ് ലൂഥറിനെപ്പോലെ ഭാവി അമേരിക്കയുടെ പ്രസിഡന്‍റ് ആയേക്കും എന്ന് കരുതുന്നവരുണ്ട്.
സ്പേസ് എക്സിന്‍റെ ആഘോഷിക്കപ്പെടുന്ന വിജയങ്ങള്‍ക്ക് പിറകില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നാം കാണാതിരുന്നുകൂട. നമ്മുക്കിടയില്‍ ചുവടുവച്ച് വളരുന്ന ലെക്സ് ലൂഥറാണ് ഇലോണ്‍ മസ്ക്. പരമ്ബരാഗത മാധ്യമങ്ങള്‍ക്ക് പകരം സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർ രംഗം കീഴടക്കിയപ്പോള്‍ എത്ര മലീമസമായാണ് വാർത്തയും പരസ്യവും സഞ്ചരിക്കുന്നതെന്നത് നാം കാണുന്നതാണ്. സത്യാനന്തര പ്രഭാഷണക്കാരും പാലാക്കാരന്മാരും മറുനാടനും കൂടി നടത്തുന്ന വാർത്താലോകം എത്രമാത്രം അപകടകരമാണ്. വാർത്തയേതാണ് പരസ്യമേതാണ് പ്രൊപ്പഗണ്ടയേതാണ് പരദൂഷണമേതാണ് എന്ന് തിരിച്ചറിയാനാകാത്ത വ്യാജലോകമാണത്. ഇതേ ദുർഗതിയായിരിക്കും കച്ചവടക്കാർ രാഷ്ട്രമീമാംസാരംഗം കീഴടക്കുമ്ബോള്‍ സംഭവിക്കുക. കോർപ്പറേഷനുകള്‍ നടത്തി പരിചയമുള്ള മനുഷ്യർ ജനാധിപത്യത്തിന്‍റെ കുറുക്കുവഴിയിലൂടെ ദേശരാഷ്ട്രങ്ങളുടെ അധികാരം നേരിട്ട് കൈക്കലാക്കുകയാണിപ്പോള്‍. നമ്മുടെ നാട് കൂടുതല്‍ വിജയിക്കാൻ അദാനിയെ പ്രത്യേക ചുമതലയുള്ള മന്ത്രിയാക്കുന്ന കാലം വിദൂരമല്ല.










