മെഡിക്കല്‍ കോളെജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്ബ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്.
കടുത്ത കാലുവേദനയെ തുടർന്ന് ഈ മാസം നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രജനി ചികിത്സ തേടിയത്. എന്നാല്‍ യുവതിയെ ആദ്യം പരിശോധിച്ച ഡോക്ടർമാർ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് മാനസിക വിഭാഗത്തില്‍ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
എന്നാല്‍ വാർഡില്‍ രോഗികളെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടർ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും യുവതിയെ ഡോക്ടർ ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. അപ്പോഴേക്കും രോഗം മൂർച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്ബുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ എട്ടാം തിയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ യുവതി ഇന്നു പുലർച്ചെ 5 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ പേരാമ്ബ്ര പൊലീസിന് കുടുംബം പരാതി നല്‍കി. മക്കള്‍: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.

















