പള്ളിക്കമ്മിറ്റിക്കാർ ആവശ്യപ്പെട്ട പ്രകാരം കബർസ്ഥാൻ ഭാഗത്തെ മണ്ണ് നീക്കിയ ജെ.സി.ബി ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ ചുമത്തിയത് 45 ലക്ഷം രൂപ പിഴ. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീർ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന കുറ്റം ചമയ്ക്കുകയായിരുന്നു. സ്ഥലം ഉടമകളായ പള്ളിക്കാരെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി തൊഴിലാളിയെ മാത്രം ശിക്ഷിച്ചു.
ആദ്യം ചുമത്തിയത് 12 ലക്ഷം രൂപയായിരുന്നു. പിന്നീട് പിഴ 45 ലക്ഷമാക്കി. തുടർന്ന് കളക്ടർ ജെ.സി.ബി കണ്ടുകെട്ടുകയും ചെയ്തു.ചെറുവത്തൂർ കൈതക്കാട് വാടകവീട്ടില്‍ താമസിക്കുന്ന ഈറോഡ് സ്വദേശി എൻ.തങ്കരാജാണ് വഴിയാധാരമായത്. 2023 ജൂണ്‍ 24ന് ഗണേഷ് മുക്കിലെ നസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയുടെ കിഴക്ക് ഭാഗത്തെ ഖബർസ്ഥാനില്‍ മൂടിയ മണ്ണ് നീക്കാൻ പള്ളിക്കമ്മിറ്റിക്കാരാണ് വിളിച്ചത്.
മണ്ണ് നീക്കുന്നത് അറിഞ്ഞ് എത്തിയചന്തേര എസ്.ഐ എം.വി.ശ്രീദാസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജെ.സി.ബി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട്റവന്യൂ വിഭാഗം 12 ലക്ഷം രൂപ പിഴ ചുമത്തി.പള്ളിക്കമ്മിറ്റിക്കാർ എൻ.എ.നെല്ലിക്കുന്ന് എം.എല്‍.എയുമായി കളക്ടറേറ്റിലെത്തി പരാതി പറഞ്ഞെങ്കിലും 2024 ജൂണ്‍ 14 ന്പിഴ 45 ലക്ഷമാക്കി വർദ്ധിപ്പിച്ചു. ജെ സി ബിയുടെ വില 29.9 ലക്ഷമായി നിശ്ചയിച്ച് അതിന്റെ ഒന്നര മടങ്ങ് പിഴ ചുമത്തുകയായിരുന്നു.
മണ്ണു നീക്കലാണ് ചെയ്തത്. അത് അവിടെത്തന്നെ കിടപ്പുണ്ട്. 20 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും 60 ലോഡ് മണ്ണിട്ട് നികത്തിയെന്ന കുറ്റം ചുമത്തി നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമാണ് പിഴ ചുമത്തിയത്. പിഴ ഒടുക്കാത്തതിനാല്‍,2024 ജൂലൈ 27 ന് ജില്ലാ കളക്ടർ കെ. ഇമ്ബശേഖരൻ ജെ സി ബി സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.പള്ളിക്കമ്മിറ്റിക്കാർ തങ്കരാജിനെ കൈവിടുകയും ചെയ്തു.
37 ലക്ഷം വായ്പ എടുത്ത് വാങ്ങിയ ജെസിബി
37 ലക്ഷം രൂപയോളം വായ്പയെടുത്താണ് ജെ.സി.ബി വാങ്ങിയത്. 18 മാസമായി ചന്തേര പൊലീസ് സ്റ്റേഷൻ വളപ്പില്‍ കിടന്ന് തുരുമ്ബിക്കുകയാണ്. വരുമാനം നിലച്ചതോടെ ഭാര്യ സുചിത്രയും ഇരട്ടപെണ്‍മക്കളുമടങ്ങുന്ന തങ്കരാജിന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. പള്ളിക്കമ്മിറ്റിക്കാർ തെറ്റിദ്ധരിപ്പിച്ചതാണെന്നും പിഴ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കാസർകോട് ജില്ലാകളക്ടർക്ക് തങ്കരാജും കുടുംബവും ഹർജി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. റവന്യു മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കുടുംബം.

















