നവി മുംബൈ: മഹാ വികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെങ്കിലും ബേലാപൂരിലെ എംവിഎ സ്ഥാനാർത്ഥി സന്ദീപ് നായിക്കിന് ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ പിന്തുണ നൽകുന്നതായി സംഘടന അറിയിച്ചു. ശനിയാഴ്ച നവി മുംബൈയിലെ സാൻപാഡയിൽ നടന്ന യോഗത്തിലാണ് ക്രിസ്ത്യൻ സമുദായാംഗങ്ങൾ പ്രാദേശിക എംവിഎ സ്ഥാനാർത്ഥി സന്ദീപ് നായിക്കിനെ കണ്ട് പിന്തുണ അറിയിച്ചത്.
ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ സിന്തിയ ഗോഡ്‌കെ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് അസോസിയേഷൻ ദേശീയ പ്രസിഡൻ്റും എം പി സി സി ജനനറൽ സെക്രട്ടറിയുമായ ജോജോ തോമസിൻ്റെ അധ്യക്ഷതയിലാണ് ചേർന്നത്. മുംബൈ, വസായ്, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ പ്രമുഖരും നേതാക്കളും പ്രതിനിധികളും വിവിധ സഭകളെ പ്രതിനിധീകരിക്കുന്ന സഭാംഗങ്ങളും ചടങ്ങിൽ ഒത്തുചേർന്നു.
“ക്രിസ്ത്യാനികൾക്ക് സീറ്റ് വിഹിതം ലഭിക്കാത്തതിൽ സമുദായം നിരാശരാണെങ്കിലും,കോൺഗ്രസിനും എംവിഎ സഖ്യത്തിനുമുള്ള പിന്തുണയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” ജോജോ തോമസ് പറഞ്ഞു.മതനിരപേക്ഷത സമൂഹത്തിൻ്റെ മാർഗദർശന തത്വമായി തുടരുമെന്നും”ജോജോ കൂട്ടിച്ചേർത്തു.

















