പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തില്‍ വന്നിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുഖത്ത് വിരിയുന്നത് ക്രൗര്യ ഭാവമാണെന്നും അത് ആത്മവിശ്വാസം തകർന്നതിന്റെ പ്രതിഫലനമാണെന്നും ഉള്ള താത്വിക അവലോകനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് കെ അനിൽകുമാർ. സന്ദേശം സിനിമയിൽ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന രാഷ്ട്രീയ ശൈലിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉടനീളം സിപിഎം അനുവർത്തിച്ചു പോരുന്നത്. ഇ പി ജയരാജന്റെ ആത്മകഥ പോലും ഷാഫിയുടെ തിരക്കഥയിൽ രാഹുൽ എഴുതിയതാണ് എന്ന ആരോപണവുമായി സ്ഥാനാർത്ഥി സരിൻ തന്നെ രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്കു മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണവുമായി ഹോട്ടലിനുള്ളിൽ ഉണ്ട് എന്ന് ആരോപണമുയർത്തി പോലീസിനെ കൊണ്ട് അർദ്ധരാത്രിയിൽ നടത്തിയ റെയ്ഡ് നാടകവും വ്യക്തിപരമായ കടന്നാക്രമണം ലക്ഷ്യമിട്ടായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരത്തിൽ ഉയർത്തിയ ആരോപണങ്ങളിൽ മിക്കവയും ഇടതുമുന്നണിയും സിപിഎമ്മിനെയും തിരിഞ്ഞുകുത്തി എന്നതാണ് യാഥാർത്ഥ്യം.
എതിർച്ചേരിയിൽ നിന്ന് കൂറുമാറി തങ്ങൾക്കൊപ്പം ചേർന്ന സ്ഥാനാർത്ഥിയെ വെളുപ്പിച്ചെടുക്കുവാൻ സിപിഎം നിയോഗിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് അനിൽകുമാർ. ഏറ്റവും അവസാനം അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഏഷ്യാനെറ്റിൽ വന്ന സരിന്റെയും സൗമ്യയുടെയും പ്രണയകഥയാണ്. ചാനൽ ചർച്ചകളിൽ പങ്കെടുത്ത് സിപിഎമ്മിനെ സ്ഥിരമായി ന്യായീകരിക്കുന്ന അനിൽകുമാർ പലപ്പോഴും യുഡിഎഫ് ക്യാമ്പ് പുറത്തു വിടുന്ന ട്രോളുകളിലെ പ്രധാന കഥാപാത്രം കൂടിയാണ്. എ എ റഹീം, പി എം ആർഷോ എന്നിവർക്ക് പിന്നിലായി ട്രോളുകളിൽ സിപിഎമ്മിന്റെ മുഖമുദ്രയായ കഥാപാത്രം എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻചാണ്ടിയുടെ കല്ലറയെ പരിഹസിച്ച് അനിൽകുമാർ നടത്തിയ പ്രസ്താവനകൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു പരിധിവരെ പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് വേളയിലെ ചാനൽ സംവാദങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം യുഡിഎഫിന് അനുഗ്രഹീതമാകും വിധം സിപിഎം വിരുദ്ധത ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച ഒരു ഘടകവും ആയിരുന്നു. തൃക്കാക്കരയിലും ഏതാണ്ട് ഇതേ പോലെ തന്നെയായിരുന്നു അനിൽകുമാറിന്റെ സാന്നിധ്യം സൃഷ്ടിച്ച ‘പൊളിറ്റിക്കൽ ഇമ്പാക്ട്’. അതുകൊണ്ടുതന്നെ പാലക്കാടെ അനിൽകുമാറിന്റെ സാന്നിധ്യം തങ്ങൾക്ക് വലിയ അനുഗ്രഹമാകും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷയും.

















