800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും പുറത്തുവന്നിരന്നു. ഇയാൾക്കും മറ്റു രണ്ടുപേർക്കും എതിരെ കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഇതിന് പിന്നാലെ കോട്ടയത്തെ നിരവധി ഉദ്യോഗാർത്ഥികൾക്കും ഈ തട്ടിപ്പ് ശൃംഖലയുടെ വലയിൽ വീണ് പണം നഷ്ടപ്പെട്ടു എന്ന വിവരം പുറത്തുവരികയാണ്. ബീന ഷാജി എന്ന സ്ത്രീ നടത്തുന്ന അൻസ്റ്റാർ ഇന്റർനാഷണൽ എന്ന കൺസൾട്ടൻസി സ്ഥാപനം വഴി ഇടപാടുകൾ നടത്തിയ ഉദ്യോഗാർത്ഥികൾക്കാണ് പണം നഷ്ടപ്പെട്ടത്. എന്നാൽ ബീന ഷാജി ഇപ്പോൾ ഉയർത്തുന്ന വാദമുഖം താനും കബളിപ്പിക്കപ്പെട്ടുവെന്നും, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിറകിൽ നിലവിൽ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്നവരും ദുബായ് ആസ്ഥാനമായുള്ള കമ്പനിയും ആണെന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഈ വാദ മുഖങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല എന്നതാണ് യാഥാർത്ഥ്യം. കോട്ടയത്തെ അൻ‌സ്റ്റാർ ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന് മുനിസിപ്പൽ ലൈസൻസ് മാത്രമാണുള്ളത്. അതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ സേവനങ്ങളും, മൈഗ്രേഷൻ സേവനങ്ങളും മാത്രം നടത്താനുള്ള അധികാരമേ ഈ സ്ഥാപനത്തിനുള്ളൂ. എന്നാൽ ഈ ലൈസൻസിന്റെ മറവിൽ ഇവർ നിയമവിരുദ്ധമായി വിദേശ തൊഴിൽ റിക്രൂട്ട്മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയിട്ടുണ്ട് എന്നതിനുള്ള കൃത്യമായ തെളിവുകൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്.

ഇതുകൂടാതെ കബളിപ്പിക്കപ്പെട്ട ചില വിദ്യാർത്ഥികളിൽ നിന്ന് ഇവർ സ്വന്തം നിലയിൽ വിസ വാഗ്ദാനം ചെയ്ത്, ഇവരുടെ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയതിനും തെളിവുകൾ ലഭ്യമായിട്ടുണ്ട്. ഇവരുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം നൽകിയ ഉദ്യോഗാർത്ഥികളും ഉണ്ട്. വിസിറ്റിംഗ് വിസയിൽ ഫ്രാൻസിൽ എത്തിച്ചശേഷം അവിടെനിന്ന് പോളണ്ടിലേക്ക് എത്തിച്ചു കൊടുക്കാം എന്നാണ് ഇവർ ഉദ്യോഗാർത്ഥികൾക്ക് നൽകിയ മോഹന വാഗ്ദാനം എന്നാണ് ആരോപണം. തുടർന്ന് പലരുടെയും ഫ്രഞ്ച് വിസിറ്റിംഗ് വിസയ്ക്കുള്ള അപേക്ഷകൾ തള്ളി പോയപ്പോഴാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റന്റ് വിസ കൺസൾട്ടൻസിയുടെ പേരിൽ തട്ടിപ്പുവീരനായ സണ്ണി യാക്കൂബിനെ രംഗത്തിറക്കുന്നതും ഉദ്യോഗാർത്ഥികളിൽ നിന്ന് വീണ്ടും പണം കൈപ്പറ്റുന്നതും.

ഇവരുടെ നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗാർത്ഥികൾ സണ്ണി യാക്കൂബിന്റെയും അയാൾ നിർദ്ദേശിച്ച മറ്റ് അക്കൗണ്ടുകളിലേക്കും വീണ്ടും പണം കൈമാറിയത് എന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങളും ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ സണ്ണി യാക്കൂബ് കോട്ടയത്തെ ഇവരുടെ സ്ഥാപനത്തിലെത്തി ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതിനുള്ള തെളിവുകളും ലഭ്യമായിട്ടുണ്ട്. കേരള സ്പീക്സ് വാർത്ത പുറത്തുവിട്ടതോടെ തനിക്കെതിരെ ഓൺലൈൻ സ്ഥാപനത്തെ കൂട്ടുപിടിച്ച് സണ്ണി യാക്കൂബും ദുബായ് കമ്പനിയും നടത്തുന്ന നീക്കങ്ങളാണ് വാർത്തയ്ക്ക് പിന്നിൽ എന്ന ന്യായവാദമാണ് ബിനാ ഷാജി നിരത്തുന്നത്. വാർത്ത പുറത്ത് വിട്ട ഓൺലൈൻ മാധ്യമത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും എന്നും ഇവർ പണം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികളോട് ഭീഷണി സ്വരത്തിൽ പറയുന്നുണ്ട്.

ഉദ്യോഗാർത്ഥികൾ പലരും ഇവരുടെ വാക്കുകൾ വിശ്വസിച്ച് പോലീസിൽ പരാതി കൊടുക്കാനോ മറ്റ് നിയമ നടപടികൾക്കോ ഇതുവരെ മുതിർന്നിട്ടില്ല. വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടന്നാൽ അൻസ്റ്റാർ പോലുള്ള ചില വിദേശ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളുടെ ആഴത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റസ് ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വിദേശ റിക്രൂട്ടിംഗ് നടത്താൻ അധികാരം ഉള്ളൂ എന്നിരിക്കെ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നിരവധി ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് ചൂഷണത്തിന് ഇരയാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക