യുകെയിലെ കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയായ യുവാവ് നാലു പേരിൽ നിന്ന് തട്ടിയെടുത്തത് 47 ലക്ഷത്തിലധികം രൂപ. ബ്രൈറ്റ് ലാൻഡ് നിരത്തുപാറ സിജോ എന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്. പൂന്തുറ സ്വദേശികളായ അനീഷ് ലോറൻസ് ഷാജി മോൾ റീന റോഷൻ എന്നീ നാല് പേരിൽ നിന്ന് പണം തട്ടിയതിന്റെ കേസാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിലവിൽ സിജോ ജോണിനെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഈ തട്ടിപ്പിൽ ഇയാളുടെ അമ്മയ്ക്കും രണ്ടു വനിതാ സുഹൃത്തുക്കൾക്കും കൂടി പങ്കാളിത്തമുണ്ട് എന്നാണ് പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നത്. ഇയാൾ കൂടുതൽ ആളുകളിൽ നിന്ന് പണം തട്ടിയെടുത്തതായും വിവരങ്ങൾ ഉണ്ട്. 12 പേരിൽ നിന്നായി ഒരു കോടി രൂപയിൽ അധികം ഇയാൾ തട്ടിച്ചിട്ടുണ്ട് എന്നാണ് സൂചന. മറ്റുള്ളവരും വരും ദിവസങ്ങളിൽ പരാതി സമർപ്പിക്കും.
തട്ടിപ്പിനിരയായ അനീഷ് ലോറൻസിന്റെ സുഹൃത്തിന്റെ ഭാര്യയ്ക്ക് സിജോ ജോസഫ് വഴി യുകെയിലെ കെയർ ഹോമിൽ ജോലി ലഭിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ പുറത്താണ് അനീഷ് ലോറൻസും മറ്റു മൂന്നുപേരും പണം നൽകിയത്. അനീഷ് ലോറൻസ് 17 ലക്ഷം, ഷാജി മോൾ 11 ലക്ഷം, റീന 11.5 ലക്ഷം, റോഷൻ 10.35 ലക്ഷം എന്നിങ്ങനെ വൻ തുകകളാണ് വിസക്ക് വേണ്ടി കൈമാറിയത്. 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ടിലും ആയിട്ടാണ് തുകകൾ നൽകിയത്. പണം നൽകി ഒരു വർഷത്തോളം കാത്തിരുന്നിട്ടും വിസ ലഭിക്കാതെ ആയതോടെയാണ് ഇരകൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.











