കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ കൺസൾട്ടൻസിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥികൾക്ക് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും മൂന്നു ലക്ഷം രൂപയോളം ആണ് തട്ടിയെടുത്തത്.
നിരവധി ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. കോതമംഗലം സ്വദേശികളായ സണ്ണി യാക്കൂബ്, ഷിബു സണ്ണി കോഴിക്കോട് സ്വദേശി ശ്രീ ശ്യാം എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ എഫ്ഐആർ ഇട്ടെങ്കിലും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള അവസരം പോലീസ് നൽകിയെന്നാണ് പരാതിക്കാരുടെ ആരോപണം.
25 കോടിയുടെ തട്ടിപ്പ്; മുഖ്യ ആസൂത്രകൻ കോതമംഗലം നാഗഞ്ചേരി സ്വദേശി സണ്ണി യാക്കൂബ്
എണ്ണൂറിലധികം ഉദ്യോഗാർത്ഥികൾക്കാണ് പണം നഷ്ടപ്പെട്ടത് എന്ന് ആരോപിക്കപ്പെടുന്നു. ഏകദേശം 25 കോടി രൂപയോളം വ്യാപ്തിയുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ കോതമംഗലം നാഗഞ്ചേരി സ്വദേശി സണ്ണി യാക്കോബ് മൈലുങ്കൽ എന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ ഒരു ഡസനിൽ അധികം തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കോൾ റെക്കോർഡുകളും പണം അയച്ച ബാങ്ക് രേഖകളും സഹിതം പരാതി കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നിസ്സംഗതയാണ് ഉണ്ടാകുന്നതെന്ന് പണം നഷ്ടപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.








