എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ.

ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ നിർദേശമനുസരിച്ച്‌ സംസ്ഥാനതലത്തിലുള്ള മാർഗനിർദേശങ്ങള്‍ വൈകാതെ പുറത്തിറങ്ങും.പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അതിനു ശേഷം നടത്തിയാല്‍ മതിയെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി വൃത്തങ്ങള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ആശുപത്രികള്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പോർട്ടലില്‍ രജിസ്റ്റർ ചെയ്ത്, ഇതില്‍ നല്‍കിയിരിക്കുന്ന പട്ടിക നോക്കി ആശുപത്രികളില്‍ സൗജന്യ ചികിത്സ തേടിയെത്തിയവരെ ആശുപത്രി അധികൃതർ തിരിച്ചയക്കുന്ന സ്ഥിതിയുണ്ടായി.

ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരും നല്‍കുന്ന വിശദീകരണം. കേന്ദ്ര പോർട്ടലില്‍ കേരളത്തെ 588 ആശുപത്രികളെ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതു സംബന്ധിച്ച്‌ യാതൊരുവിധത്തിലുള്ള നിർദേശങ്ങളും ആശുപത്രികള്‍ക്ക് ലഭിച്ചിട്ടില്ല.പദ്ധതിയില്‍ ഉള്‍പ്പെട്ട സ്വകാര്യ ആശുപത്രികളുമായി സംസ്ഥാന സർക്കാരും പദ്ധതി സംബന്ധിച്ച്‌ ആശയവിനിമയം നടത്തേണ്ടതായിട്ടുണ്ട്.

പദ്ധതി വിശദീകരിച്ച്‌ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ 70 വയസു പിന്നിട്ട 26 ലക്ഷം പേർക്ക് പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കുമെന്ന് കത്തില്‍ പറയുന്നു. ചികിത്സാചെലവിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടതെന്നും കത്തിലുണ്ട്.

എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിർദേശങ്ങളൊന്നും കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഉടൻ നിർദേശം പുറത്തിറക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതിനു ശേഷമാകും സംസ്ഥാനതലത്തില്‍ നിർദേശങ്ങള്‍ പുറത്തിറക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക