സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് പ്രവർത്തകർ പാർട്ടി വിടുന്നുണ്ടെങ്കില്‍ നേതൃത്വം അത് തടയണമെന്നും നേതൃത്വം ഇക്കാര്യത്തില്‍ അല്‍പം കൂടി ശുഷ്കാന്തി കാണിക്കണമെന്നും ചെന്നിത്തല വിമർശിച്ചു.
റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടർ എന്ന അഭിമുഖ പരിപാടിയിലാണ് രമേശ് ചെന്നിത്തല മനസുതുറന്നത്. തിരഞ്ഞെടുപ്പ് കാലത്തല്ല വിമർശനങ്ങള്‍ പറയേണ്ടതെന്ന് പറഞ്ഞ ചെന്നിത്തല തനിക്കും പല കാര്യങ്ങളിലും പ്രയാസമുണ്ടെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്താണോ അതൊക്കെ പറയേണ്ടതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് ഒരിക്കലും കുറച്ച് പേരിലേക്ക് മാത്രമായി ചുരുങ്ങാനാവില്ല. ചർച്ചകള്‍ ഉണ്ടാവണമെന്നും താനും ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്ന കാലത്ത് അത് കൃത്യമായി ഉണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അഭിമുഖത്തില്‍ ബിജെപിയുമായി പിണങ്ങിനില്‍ക്കുന സന്ദീപ് വാര്യരെ ‘നല്ല ചെറുപ്പക്കാരൻ’ എന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസ് വിട്ട സരിനെയും, സ്വീകരിച്ച സിപിഐഎമ്മിനെയും രമേശ് ചെന്നിത്തല വിമർശിച്ചു. ബിജെപിയില്‍ ചാൻസ് ഇല്ലാത്തത് കൊണ്ടാണ് സരിൻ സിപിഐഎമ്മിലേക്ക് പോയത്. നിക്ഷിപ്ത താല്‍പര്യത്തിൻ്റെ പേരില്‍ പാർട്ടി വിട്ടവരെ ഒരിക്കലും സിപിഐഎം മത്സരിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അൻവറില്‍ നിന്ന് പോലും പാഠം പഠിക്കാത്ത ഈ അവസരവാദപരമായ നയത്തിന് പാർട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐഎം ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിയെ വിമർശിക്കാത്ത പിണറായി അവരെ പ്രീണിപ്പിക്കുകയാണെന്നും പാലക്കാട് ആരും രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ലെന്നും പറഞ്ഞു. താൻ കേരളത്തില്‍ത്തന്നെ സജീവമായി ഉണ്ടാകുമെന്നും കേന്ദ്ര- കേരള സർക്കാരുകള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം താക്കീതാകുമെന്നും പറഞ്ഞ ചെന്നിത്തല ഷാഫി പറമ്ബിലിനെക്കാള്‍ ഭൂരിപക്ഷം രാഹുല്‍ നേടുമെന്നും പറഞ്ഞു.

















