ഉത്തരാഖണ്ഡിലെ തെഹ്‍രിയില്‍ വർഗീയ സംഘർഷം. ലവ് ജിഹാദ് ആരോപിച്ച് മുസ്‍ലിംകളുടെ കടകള്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ തകർക്കുകയായിരുന്നു.
ഹിന്ദു പെണ്‍കുട്ടി മുസ്‍ലിം യുവാവിനൊപ്പം പോയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
സംഭവത്തെ ലവ് ജിഹാദാക്കി ചിത്രീകരിച്ച ഹിന്ദുത്വ ശക്തികള്‍ മുസ്‍ലിംകളുടെ കടകള്‍ തകർത്തു. സല്‍മാൻ എന്ന യുവാവിനൊപ്പം പെണ്‍കുട്ടി പോയതിന് പിന്നാലെയാണ് നഗരത്തില്‍ സംഘർഷം ഉടലെടുത്തത്. നഗരത്തിലെ മുസ്‍ലിംകളുടെ കടകള്‍ തകർക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
അതേസമയം, സല്‍മാനേയും സുഹൃത്തിനേയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കും. ആളുകള്‍ സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പ്രാദേശിക ഭരണകൂടം അഭ്യർഥിച്ചു.
ഉത്തരാഖണ്ഡില്‍ മുസ്‍ലിംകള്‍ക്കെതിരായ അക്രമങ്ങളില്‍ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വിദ്വേഷ പ്രസംഗങ്ങളിലും ആള്‍ക്കൂട്ടാക്രമണങ്ങളിലും വലിയ വർധനയാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. 2023ല്‍ മാത്രം മുസ്‍ലിംകള്‍ക്കെതിരായ 23 വിദ്വേഷ പ്രസംഗങ്ങളാണ് ഉത്തരാഖണ്ഡിലുണ്ടായത്.

















