നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാൻ പറയാറുണ്ടായിരുന്നുവെന്ന് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വനിതാ ജീവനക്കാരി ഒളിവിലാണ്. ഇവർക്കായി തിരച്ചില്‍ ഊർജിതമാക്കി. ഇവർ രാജ്യം വിട്ടെന്നാണ് സൂചന.
ഒമ്ബത് പരാതികളാണ് പൊലീസ് അന്വേഷിക്കുന്നത്. ഹിന്ദു പെണ്‍കുട്ടികളെ നിങ്ങളുടെ കാമുകിമാരാക്കി വിവാഹം കഴിക്കൂവെന്ന് പ്രതികള്‍ നിരന്തരം പറയാറുണ്ടെന്നും ഇതര മതക്കാരോട് മതം മാറാൻ പറയാറുണ്ടായിരുന്നുവെന്നും അവരുടെ മതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാസിക് ഓഫീസിലെ കരാർ ജീവനക്കാരൻ എൻഡിടിവിയോട് പറഞ്ഞു. അവർക്ക് പണം നല്‍കി. 2021 മുതല്‍ ഇത് തുടരുകയാണെന്നും എച്ച്‌ആർ മാഡത്തിനും സാമ്ബത്തിക സഹായം നല്‍കിയെന്നും സാക്ഷി പറഞ്ഞു.
എട്ട് വനിതാ ജീവനക്കാർ നല്‍കിയ പരാതികള്‍ അന്വേഷിക്കാൻ കഴിഞ്ഞ ആഴ്ച പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. തങ്ങളുടെ മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് ചിലർ ആരോപണമുന്നയിച്ചു. എന്നാല്‍ കമ്ബനിയിലെ എച്ച്‌ആർ വിഭാഗം പരാതികള്‍ അവഗണിച്ചു. 2022 ഫെബ്രുവരി മുതല്‍ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങള്‍ നടന്നത്. പ്രതികളിലൊരാള്‍ ഒരു ജീവനക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി പലതവണ ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതി പുരുഷ ജീവനക്കാരില്‍ ഒരാളെ നമസ്‌കരിക്കാൻ നിർബന്ധിക്കുകയും അയാളുടെ മതത്തെ അപമാനിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികള്‍ പരാതിയുമായി കമ്ബനിയുടെ വനിതാ എച്ച്‌ആർ മാനേജരെ സമീപിച്ചപ്പോള്‍, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്‌ആർ മാനേജർ നിദ ഖാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് സസ്‌പെൻഡ് ചെയ്തു. ലേഡി ക്യാപ്റ്റൻ എന്ന് വിളിക്കപ്പെടുന്ന നിദ ഖാൻ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നമസ്‌കരിക്കാനും ഹിജാബ് ധരിക്കാനും നിർബന്ധിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍, പ്രതിയായ റാസ മേമന്റെ മാതാപിതാക്കള്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. മകൻ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുങ്ങുകയാണെന്നും അമ്മ പറഞ്ഞു.
ലൈംഗിക പീഡനത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് ടിസിഎസ് സ്വീകരിക്കുന്നതെന്നും പൊലീസുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ടിസിഎസ് അറിയിച്ചു.ലൈംഗിക പീഡന ആരോപണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകവും വേദനാജനകവുമാണെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വസ്തുതകള്‍ സ്ഥാപിക്കുന്നതിനും സാഹചര്യത്തിന് ഉത്തരവാദികളായ വ്യക്തികളെ തിരിച്ചറിയുന്നതിനുമായി ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ കീഴില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.















