സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ തുടരാനുള്ള നടപടികളെടുക്കാൻ മടിച്ച് ധനവകുപ്പ്.
പ്രീമിയവും ഇൻഷുറൻസ് കവറേജും വർധിപ്പിക്കുന്നത് സംബന്ധിച്ച ഉടക്കില്‍ തട്ടി നില്‍ക്കുകയാണ് പദ്ധതി. മെഡിസെപ് നിർത്തലാക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇൻഷുറൻസ് കമ്ബനിയുമായുള്ള കരാർ കാലാവധി അടുത്ത ജൂണ്‍ 30-ന് അവസാനിക്കും. കരാർ പുതുക്കാൻ കമ്ബനി സമീപിച്ചിട്ടും ധനവകുപ്പ് അനങ്ങിയിട്ടില്ല. സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിട്ടും പദ്ധതി കാര്യക്ഷമമാക്കാനുള്ള ഫലപ്രദമായ നിർദേശങ്ങളൊന്നും ഉയർന്നിട്ടില്ല.
മുൻപദ്ധതികളില്‍നിന്നും ഭിന്നമായി പെൻഷൻകാരെ ഉള്‍പ്പെടുത്തിയെങ്കിലും ഇൻഷുറൻസ് സേവനത്തില്‍ അവർക്കും തൃപ്തിയില്ല. പലവിധ പ്രശ്നങ്ങളാല്‍ മെഡിസെപ് തുടരുന്നത് ദുഷ്‌കരമാണെന്നും അതിനാലാണ് ടെൻഡർ നടപടികളിലേക്കു കടക്കാത്തതെന്നും അധികൃതർ പറഞ്ഞു.
തർക്കം ഇങ്ങിനെ
മാസപ്രീമിയം 500 രൂപപ്രകാരം ഒരുവർഷത്തേക്കുള്ള 6000 രൂപ സർക്കാർ മുൻകൂറായി ഇൻഷുറൻസ് കമ്ബനിക്കു നല്‍കും. ഗുണഭോക്താക്കളില്‍നിന്നും മാസംതോറും ഈടാക്കും. ഒരാള്‍ക്ക് മൂന്നുലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. ഒരുവർഷം ആനുകൂല്യം നേടിയില്ലെങ്കില്‍ അടുത്തവർഷത്തേക്ക് അധികമായി കിട്ടും.
ഈ നിലയില്‍ തുടരുന്നത് നഷ്ടമാന്നെന്നാണ് കമ്ബനിയുടെ വാദം. ആദ്യവർഷം 600 കോടി രൂപ കിട്ടിയെങ്കിലും ക്ലെയിം നല്‍കാൻ 700 കോടിയായി. അതിനാല്‍ പ്രീമിയം കൂട്ടണമെന്നാണ് ആവശ്യം.
സർക്കാർ ചർച്ച നടത്തിയെങ്കിലും പ്രീമിയം കൂട്ടാൻ സർവീസ് സംഘടനകള്‍ സമ്മതിച്ചിട്ടില്ല. നിലവിലെ മൂന്നുലക്ഷം കവറേജ് കൂട്ടണമെന്നാണ് ആവശ്യം. ആശുപത്രിയില്‍ കിടത്തി ചികിത്സ ഉണ്ടായാലെ ഇപ്പോള്‍ ക്ലെയിം ലഭിക്കൂ. ഇത് ഒ.പി.ക്കും നടപ്പാക്കുക, ആയുർവേദ ചികിത്സയ്ക്കും പദ്ധതി നീട്ടുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.
മുന്നിലുള്ള മാർഗം
പ്രീമിയം കൂട്ടി, താത്പര്യമുള്ളവർക്കു മാത്രം ചേരാൻ ഓപ്ഷൻ നല്‍കുക. ചേരാത്ത ജീവനക്കാർക്ക് മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റ് പുനഃസ്ഥാപിക്കുക. എന്നാലിത് സാമ്ബത്തികബാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ വാദം. റീ-ഇംബേഴ്‌സ്‌മെന്റിന്റെപേരില്‍ ക്രമക്കേടിനും സാധ്യതയുണ്ട്. അതിനാല്‍, റീ-ഇംബേഴ്‌സ്‌മെന്റ് പദ്ധതി ഉടച്ചുവാർക്കേണ്ടിവരും.
മെഡിസെപ് ഇതുവരെ
* 5.52 ലക്ഷം ജീവനക്കാരും, 5.87 ലക്ഷം പെൻഷൻകാരും ഇവരുടെ ആശ്രിതരുമടക്കം 30 ലക്ഷം ഗുണഭോക്താക്കള്‍.
* 1920 ചികിത്സാപാക്കേജുകള്‍.
* 553 എംപാനല്‍ഡ് ആശുപത്രികള്‍.
* ഒക്ടോബർ 15 വരെ മൊത്തം ഏഴേമുക്കാല്‍ ലക്ഷം ക്ലെയിമുകള്‍.
* ചികിത്സയ്ക്ക് നല്‍കിയത് 1519.58 കോടിരൂപ.







