കേരളത്തിലെ മുസ്ലീങ്ങളില്‍ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുള്‍ നാസർ മദനിയെന്ന് പി. ജയരാജൻ. കേരളത്തിലുടനീളം അതിവൈകാരികമായ പ്രസംഗങ്ങള്‍ നടത്തി മദനി ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളർത്താൻ ശ്രമിച്ചു.
ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുസ്ലിം രാഷ്‌ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി. ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി. ജയരാജൻ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
സ്വകാര്യ സുരക്ഷാ ഭടൻമാർക്കൊപ്പം കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനത്തെ കുറിച്ചും പുസ്തകത്തില്‍ പരാമർശമുണ്ട്. അതിവൈകാരികമായ പ്രസംഗമാണ് മദനിയുടേത്. മദനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് സേവക് സംഘം അഥവാ ഐഎസ്‌എസ് രൂപീകരിച്ചു.ഐഎസ്‌എസിന്റെ നേതൃത്വത്തില്‍ ആയുധ ശേഖരണം നടത്തുകയും യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദത്തിന്റെ അംബാസിഡറായി മദനിയെ വിശേഷിപ്പിക്കാം. ഭീകരവാദ കേസുകളില്‍ പ്രതിയായ കണ്ണൂർ സ്വദേശി തടിയന്റവിട നസീർ മദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. ഐഎസ്‌എസിനെതിരെ ആരോപണം ഉയർന്ന കാലത്ത് സംഘടന പിരിച്ച് വിട്ട് മദനി കൂടുതല്‍ ശക്തനായി പിഡിപി രൂപീകരിച്ചുവെന്നും ജയരാജൻ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കാലങ്ങളില്‍ മദനിയെ പിന്തുണയ്‌ക്കുകയും വേദി പങ്കിടുകയും ചെയ്ത പാർട്ടിയാണ് സിപിഎം. 2009 ല്‍ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് പൊന്നാനി ഉപതെരഞ്ഞെടുപ്പില്‍ മദനിയുടെ പാർട്ടിയായ പിഡിപിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. അതേ പാർട്ടിയുടെ നേതാവ് തന്നെയാണ് മദനിയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് വെച്ച് പിണറായി വിജയൻ പുസ്തകത്തിന്റെ പ്രകാശനം ചെയ്യും. എന്നാല്‍ മദനി ജയിലില്‍ ആയി വർഷങ്ങള്‍ കഴിഞ്ഞതിന് ശേഷമുള്ള ജയരാജന്റെ ‘തിരിച്ചറിവ്’ എന്തിനാണെന്ന ചോദ്യം ശക്തമാണ്. ന്യൂനപക്ഷ പ്രീണനം മാത്രമായി സിപിഎം മാറി എന്ന ആരോപണം ശക്തമായിരിക്കെ ഭൂരിപക്ഷത്തെ കൈയ്യിലെടുക്കാനുള്ള രാഷ്‌ട്രീയ അടവാണോ പുസ്തകം എന്ന് സംശയിക്കുന്നവരുമുണ്ട്.













