വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിർത്തിവെച്ചു.
ഫലപ്രഖ്യാപനം അവസാനത്തോട് അടുക്കുമ്ബോള്‍ ബിജെപി കേവലഭൂരിപക്ഷം ഉറപ്പിച്ച് കുതിക്കുകയാണ്. ഇതോടെ ഹരിയാനയില്‍ ബിജെപി ഹാട്രിക് നേടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ വന്നെങ്കിലും ഇപ്പോള്‍ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് ലീഡുകള്‍ കാണിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. ഏറ്റവും അവസാനം ഫലം പുറത്തുവരുമ്ബോള്‍ ബിജെപി 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണഗ്രസ് 35 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലില്‍ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേല്‍പ്പ്.
ഭൂപീന്ദർ സിങ് ഹൂഡ നിഷ്പ്രയാസം സർക്കാർ ഉണ്ടാക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനഘട്ട ഫലം ബിജെപി ഹാട്രിക് അടിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ പടലപിണക്കങ്ങളും ഗ്രൂപ്പ് പോരും ബിജെപിയെ തുണച്ചെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഭൂപീന്ദർ സിങ് ഹൂഡയും, കുമാരി ഷെൽജയും തമ്മിൽ പാർട്ടിക്കുള്ളിൽ ഉണ്ടായ അധികാര വടംവലിയാണ് കോൺഗ്രസിന് കനത്ത തിരിച്ചടിയായത് എന്ന പൊതു വിലയിരുത്തലാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ നടത്തുന്നത്.
അഗ്നി വീർ പ്രക്ഷോഭം, കർഷക പ്രക്ഷോഭം, പിഎസ്‌സി അഴിമതി എന്നിങ്ങനെ നിരവധി എതിർ സാഹചര്യങ്ങൾ നിഷ്പ്രഭമാക്കി ബിജെപി മൂന്നാം തവണയും തുടർച്ചയായി കരുത്ത് കാട്ടുമ്പോൾ അത് കോൺഗ്രസിന്റെ കഴിവുകേടായി തന്നെയാണ് വിലയിരുത്തപ്പെടുക. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം തന്നെ കോൺഗ്രസിന് അനുകൂലമായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ടാണ് ഹരിയാനയിൽ കോൺഗ്രസിന് വേണ്ടി പ്രചരണം നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ചുരുക്കം യോഗങ്ങളിൽ മാത്രമേ ഇവിടെ പങ്കെടുത്തിട്ടുള്ളൂ എന്നതിൽ നിന്നുതന്നെ ബിജെപിയുടെ ആത്മവിശ്വാസക്കുറവും വ്യക്തമായിരുന്നു.

















