കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത് . സംഭവത്തില്‍ 18 കാരിയായ ഷൈസ്ത ബരോഹി , ബന്ധുവായ അമിർബക്ഷ് ബരോഹി എന്നിവരാണ് പിടിയിലായത്.
മാതാപിതാക്കളെയും അഞ്ച് സഹോദരിമാരെയും മൂന്ന് സഹോദരന്മാരെയും, ഒരു കുട്ടി ഉള്‍പ്പെടെ 3 ബന്ധുക്കളെയുമാണ് ഇവർ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത് . ബന്ധുവായ അമീർ ബക്ഷുമായി പ്രണയത്തിലായിരുന്നു ഷൈസ്ത. എന്നാല്‍ വീട്ടുകാർ ഷൈസ്തയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു.
ഷൈസ്ത ഈ വിവാഹത്തെ എതിർത്തിരുന്നു. അമീറുമായുള്ള ബന്ധത്തെ എതിർത്തതോടെ വീട്ടുകാരെ കൊലപ്പെടുത്താൻ ഷൈസ്ത തീരുമാനിക്കുകയായിരുന്നു. ഇതിനായി അമീറിന്റെ സഹായം തേടി. മരണം ഭക്ഷ്യവിഷബാധമൂലമാകാമെന്നാണ് ആദ്യം പോലീസ് കരുതിയത്. എന്നാല്‍ കൊല്ലപ്പെട്ടവർ കഴിച്ച ഭക്ഷണസാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ വിഷാംശം കലർന്നതായി വ്യക്തമായി .
ഷൈസ്ത ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും മരിച്ചെങ്കിലും അവർ പൂർണ ആരോഗ്യവതിയായിരുന്നതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതിനിടെ കാമുകനായ അമീർബക്ഷിനൊപ്പം ഷൈസ്ത ഒളിച്ചോടുകയും ചെയ്തു. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. താനാണ് റൊട്ടിമാവില്‍ വിഷം ചേർത്തതെന്നും അമീറാണ് വിഷം വാങ്ങി നല്‍കിയതെന്നും ഷൈസ്ത പോലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

















