കടുത്ത ചൂടിനും വരണ്ടുണങ്ങിയ കാലാവസ്ഥയ്ക്കും പേരുകേട്ട ഇടമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ദക്ഷിണാഫ്രിക്കയില്‍ അസാധാരണമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. വെറുതെയങ്ങ് മഞ്ഞു വീഴുകയല്ല മറിച്ച് കനത്ത മഞ്ഞുവന്നു മൂടിയതിനെ തുടര്‍ന്ന് പ്രധാന പാതകള്‍ അടക്കം അടയ്‌ക്കേണ്ട സാഹചര്യമായിരുന്നു പല നഗരങ്ങളിലും ഉണ്ടായത്.
മഞ്ഞു പുതച്ചുകിടക്കുന്ന പുല്‍മേടുകളുടെയും നിരത്തുകളുടെയും ധാരാളം ചിത്രങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറത്തുവരുന്നുണ്ട്.അസാധാരണായ ഈ കാലാവസ്ഥ ദക്ഷിണാഫ്രിക്കയിലെ സിംഹങ്ങള്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. ജിജി കണ്‍സര്‍വേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് സിംഹങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വനപ്രദേശത്ത് മഞ്ഞിനുള്ളില്‍ നടന്നു നീങ്ങുന്ന ധാരാളം സിംഹങ്ങളെ ദൃശ്യങ്ങളില്‍ കാണാം. ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയായിട്ടു പോലും അതിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ശരീരത്തില്‍ മഞ്ഞുതുള്ളികള്‍ വന്നു വീഴുമ്ബോഴും അതിന്റെ ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിക്കാതെയാണ് സിംഹങ്ങളുടെ പെരുമാറ്റം.

















