തൃശ്ശൂരില്‍ എ.ടി.എം കവർച്ച നടത്തിയ സംഘം പിടിയിലാകുന്നതിന് മുൻപ് നാടകീയ രംഗങ്ങള്‍ക്കാണ് തമിഴ്നാട് നാമക്കല്‍ സാക്ഷിയായത്. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെയാണ് ആദ്യം ലോറി ഇടിച്ചത്. തുടർന്ന് രണ്ട് കാറുകളിലും നാല് ഇരുചക്രവാഹനങ്ങളിലും ഇടിച്ച് നിർത്താതെ പോയ ലോറിയെക്കുറിച്ച് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിക്കുന്നത്.
പോലീസ് പിന്നിലുണ്ടെന്ന് മനസ്സിലായതോടെ ലോറി അതിവേഗത്തില്‍ കുതിച്ചു. എന്നാല്‍ പല ഭാഗങ്ങളില്‍നിന്നായി പോലീസ് ലോറിയെ വളഞ്ഞു. പിന്നീട് ലോറിക്ക് കുറുകെ വാഹനം നിർത്തി പോലീസ് തടഞ്ഞെങ്കിലും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇതോടെ ലോറിക്കുനേരെ പോലീസുകാർ കല്ലെറിയുകയും ഡ്രൈവർ ഇറങ്ങിയോടുകയും ചെയ്തു. തുടർന്ന് കണ്ടെയ്നർ തുറന്നുപരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘത്തെ ലോറിക്കുള്ളില്‍ പോലീസ് കാണുന്നത്.
സംഘം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ പോലീസുകാർക്കും പരിക്കേറ്റെന്നാണ് അറിയുന്നത്.വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്.

















