കേരള കോൺഗ്രസ് പാർട്ടിയും പിതാവ് പി.ജെ. ജോസഫും ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും പി.ജെ. ജോസഫ് എം.എല്‍.എയുടെ മകനുമായ അപു ജോണ്‍ ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്നതടക്കമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.ജെ. ജോസഫിന് പകരം താങ്കള്‍ അടുത്ത തവണ മത്സരിക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അങ്ങനെ ആർക്കും എന്തും പറയാമല്ലോയെന്നായിരുന്നു അപുവിന്റെ മറുപടി.
പദവികളിലേക്കോ സ്ഥാനമാനങ്ങളിലേക്കോ തന്നെ കൊണ്ടുവവരാനാണെങ്കില്‍ പിതാവിന് 25 വർഷം മുമ്ബ് ആകാമായിരുന്നു. എന്നാല്‍ മക്കള്‍ രാഷ്ട്രീയത്തോട് യോജിപ്പുള്ളയാളല്ല തന്റെ പിതാവ് പി.ജെ. ജോസഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവമ്ബാടി സീറ്റില്‍ താൻ മത്സരിക്കുമെന്ന വ്യാജ പ്രചരണമുണ്ടായിരുന്നു. മികച്ച പ്രകടനം നടത്തിയാല്‍ പിന്നീട് പരിഗണിക്കാമെന്ന് മാത്രമാണ് അന്ന് അത്തരം വാർത്തകളോട് പിതാവ് പ്രതികരിച്ചത്.
പാർട്ടിയില്‍ യോഗ്യരും സീനിയറുമായ നിരവധിപ്പേരുണ്ട്. അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി താൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അപു പറഞ്ഞു. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ പിൻഗാമിയായി അപു ജോൺ ജോസഫ് തൊടുപുഴയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തൃക്കാക്കര പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും പ്രചരണ രംഗത്ത് അദ്ദേഹത്തിൻറെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

















