വിവിധ പ്രശ്നങ്ങളാല്‍ കലുഷിതമായ ചലച്ചിത്രമേഖലയില്‍ പുതിയ സംഘടന രൂപീകരിച്ച് സമ്മർദ ഗ്രൂപ്പായി മാറാനുള്ള സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രമം ഫലം കാണുമോ? താരസംഘടനയായ അമ്മയ്ക്കും സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ഫെഫ്കയ്ക്കും ബദലാകുന്ന സംഘടനയെന്നാണ് പുതിയ കൂട്ടായ്മയെ പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ സംഘടന രൂപീകരിക്കുന്ന കാര്യം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിന്റെ നേതൃത്വത്തിലുണ്ടെന്നു കരുതപ്പെട്ടിരുന്ന ചിലർ തങ്ങള്‍ കൂട്ടായ്മയില്‍ നിലവില്‍ ഭാഗമല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്.
മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കുന്നതിനായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ്റെ രൂപീകരണത്തിനായുള്ള ആലോചന സംബന്ധിച്ച കുറിപ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സംവിധായകരമായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കല്‍, നിർമാതാവ് ബിനീഷ് ചന്ദ്ര എന്നിവരുടെ പേരിലായിരുന്നു കുറിപ്പ്. ഇതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയുമാണ് തങ്ങള്‍ നിലവില്‍ കൂട്ടായ്മയുടെ ഭാഗമല്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ താൻ നിലവില്‍ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു. മലയാള സിനിമയില്‍ പുതിയ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും കാലഹരണപ്പെട്ട സംവിധാനങ്ങളുടെ പുനർചിന്തനമാണ് പുതിയ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആലോചനയുടെ നേതൃനിരയിലുളളവർ പങ്കുവെച്ച സർക്കുലർ ആയിരുന്നു വാർത്തകള്‍ക്ക് അടിസ്ഥാനം. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുണ്ടെങ്കിലും നിലവില്‍ പ്രചരിക്കുന്ന വാർത്തകളില്‍ ഉത്തരവാദിത്തമില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല . സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു…
Posted by Lijo Jose Pellissery on Tuesday, September 17, 2024
”മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാൻ നിലവില്‍ ഭാഗമല്ല. സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല,” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്.
നിർമാതാവ് ബിനീഷ് ചന്ദ്രയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. പുതിയ സംഘടനയെന്ന ആശയം നല്ലതാണെന്നും അതില്‍ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് നടി മഞ്ജു വാര്യരുടെ മാനേജർ കൂടിയായ ബിനീഷ് വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരില്‍ സംഘടന ഇതുവരെയും രൂപീകരിക്കപ്പെട്ടിട്ടില്ല. സംഘടനയുടെ രൂപീകരണത്തെക്കുറിച്ചുളള പ്രാഥമിക ചർച്ചകള്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകൻ ആഷിക്ക് അബുവും മുമ്ബ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലിജോയുടെയും ബിനീഷിന്റെയും പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടന രൂപീകൃതമാവാത്തതുകൊണ്ടുതന്നെ ആലോചനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാൻ മറ്റ് അംഗങ്ങളും തയ്യാറാകുന്നില്ല.

















