സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടർക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തില്‍ അജ്മലിൻ്റെയും വനിതാ ഡോക്ടറുടെയും അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ടോടെ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലാണ്.

കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെതിരേ മനഃപൂർവമായ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, തട്ടിപ്പുകേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കാർ മുന്നോട്ടെടുക്കാൻ അജ്മലിനോട് ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വനിതാ ഡോക്ടർക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. പരിശോധനയ്ക്കായി ഡോക്ടറുടെ രക്തസാമ്ബിളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിചെയ്തിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞദിവസം അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്. താനും ഡോക്ടറും മദ്യപിച്ചിരുന്നതായി അജ്മല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യപരിശോധനയിലും ഇക്കാര്യം കണ്ടെത്തിയെന്നാണ് സൂചന. അതിനിടെ, അജ്മല്‍ ഓടിച്ചിരുന്ന കാറില്‍ മൂന്നാമതൊരാള്‍കൂടി ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, അപകടം സംഭവിക്കുന്നതിന്റെ രണ്ട് കിലോമീറ്റര്‍ മുന്‍പുവെച്ച്‌ ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയെന്നാണ് അജ്മലിന്റെ മൊഴി. ഇതുസംബന്ധിച്ച്‌ പോലീസ് വിശദമായ അന്വേഷണം നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക