സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി ‘കൈകാര്യം ചെയ്ത്’ കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ റോഷ്നി കുശാല്‍ ജയ്സ്വാളാണ് അനുയായികള്‍ക്കൊപ്പമെത്തി സഫ്റോണ്‍ രാജേഷ് സിങ് എന്നയാളെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
റോഷ്നിയും സംഘവും എത്തിയതോടെ രാജേഷ് സിങ്ങിന്റെ വീട്ടുകാരുമായി തർക്കമുണ്ടായി. ഇതിനിടെ ആള്‍ക്കൂട്ടം രാജേഷിനെ വീട്ടില്‍നിന്നിറക്കുകയും ഇവർ പിടിച്ചുകൊടുത്തതിനെ തുടർന്ന് റോഷ്നിയും പിന്നീട് മറ്റുള്ളവരും അടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ രാജേഷിന്റെ ഭാര്യയും മകളും തടയാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് ആള്‍ക്കൂട്ടത്തോട് അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയാണ് ആള്‍ക്കൂട്ടത്തില്‍നിന്ന് ഇയാളെ രക്ഷിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുന്നത്.
നാല് വർഷമായി രാജേഷ് സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുന്നുണ്ടെന്നും മോശം കമന്റുകളിടുന്നുണ്ടെന്നും റോഷ്നി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയും സഹിച്ച് നില്‍ക്കാൻ കഴിയാത്തതിനാലാണ് വീട്ടിലെത്തിയതെന്നും ഇയാളുടെ സ്വഭാവം ഭാര്യയെയും മകളെയും അറിയിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും തന്റെ പ്രവൃത്തി ഇത്തരം ഭീഷണികള്‍ നേരിടുന്ന മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും റോഷ്നി കൂട്ടിച്ചേർത്തു.

















