എഡിജിപി എം.ആർ.അജിത്കുമാറും ആർ എസ് എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രമുഖർ ആരെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. കോവളത്തെ ഹോട്ടലില്‍വച്ചുനടന്ന റാം മാധവ് – അജിത് കുമാർ കൂടിക്കാഴ്ച്ചയില്‍ ഒപ്പം മൂന്നു പ്രമുഖരുണ്ടായിരുന്നു എന്നാണ് സപെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎല്‍എം ഗ്രൂപ്പ് ചെയർമാനുമായ ആർ.പ്രേംകുമാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായണ്‍, ആർഎസ്‌എസ് നേതാവ് എ.ജയകുമാർ എന്നിവരാണ് ആ മൂന്നുപേർ എന്നതരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു.
എന്നാല്‍ പ്രേംകുമാറും ജഗദീഷും ഇത്തരമൊരു കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നാണ് വെളിപ്പെടുത്തുന്നത്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പേരുകള്‍ പുറത്തുവന്നതിന് പിന്നാലെ മൂന്നുപേരെയും ബന്ധപ്പെട്ടെന്നും രണ്ടുപേർ ആരോപണം നിഷേധിച്ചു എന്നുമാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പ്രേംകുമാറും ജിഗീഷും ആരോപണങ്ങള്‍ നിഷേധിച്ചപ്പോള്‍, മാധ്യമങ്ങളോടു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ജയകുമാറിന്റെ പ്രതികരണം. ആർഎസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി അജിത് നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് നേരത്തേ ജയകുമാർ സ്ഥിരീകരിച്ചിരുന്നു.
പല നേതാക്കളെയും പരിചയമുണ്ട്. അജിത്കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. ആരോപണമുന്നയിച്ചവർ തെളിവുകള്‍ പുറത്തുവിടട്ടെ. എന്റെ ഫോണ്‍ രേഖകളടക്കം പരിശോധിക്കാമെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്‌എസ് നേതാക്കള്‍ ആ പട്ടികയിലില്ലെന്നായിരുന്നു ജിഗീഷിന്റെ പ്രതികരണം. ”പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയില്‍ തെന്നിവീണ് 7 മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കില്‍ പൊലീസിനു തെളിയിക്കാമല്ലോ”- ജിഗീഷ് പറഞ്ഞെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

















