എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. എംപിയും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നും ഈ നീക്കത്തോട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് താത്പര്യക്കുറവുണ്ടെന്നും കേള്‍ക്കുന്നു.
എന്നാല്‍ മുതിർന്ന നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയമായി പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിരുന്നു. ശശി തരൂരുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവേശന വാർത്തകള്‍ പ്രചരിച്ചിക്കുന്നത് ആദ്യമായല്ല. അന്നൊക്കെ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.
നടക്കുന്നത് ഇടത് – ബിജെപി അച്ചുതണ്ടിന്റെ പ്രൊപ്പഗാണ്ടയോ?
ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രമാണ് കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ വ്യക്തി ബിജെപി പാളയത്തിലേക്ക് പോകുന്നു എന്ന വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇടതു നേതൃത്വത്തോട് പ്രത്യേകിച്ച് പിണറായി വിജയനോടും അദ്ദേഹത്തിന്റെ നിലപാടുകളോടും പ്രത്യക്ഷമായ പക്ഷപാതം പ്രകടിപ്പിക്കുന്ന ഒരു വാർത്താമാധ്യമമാണ് ഇന്ത്യൻ എക്സ്പ്രസ് എന്നതും ഇവിടെ കൂട്ടിവയ്ക്കേണ്ടതാണ്. വിഡി സതീശൻ ഉയർത്തി വിട്ട ആർഎസ്എസ് – ബിജെപി – സിപിഎം അച്ചുതണ്ടിനെ ചൊല്ലിയുള്ള വിവാദം കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുകയാണ്. ഇത് കേരളത്തിൽ ബിജെപിയും സിപിഎമ്മിനും ഒരുപോലെ ക്ഷീണം ചെയ്യും.
തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ മിന്നും വിജയത്തിന്റെ മാറ്റുപോലും ഈ ഒരു അച്ചുതണ്ടിനെ ചൊല്ലിയുള്ള വാർത്തകൾ നല്ലവണ്ണം കുറയ്ക്കുന്നുണ്ട്. എഡിജിപി അജിത് കുമാറിനെ കൂടാതെ സംസ്ഥാനം മന്ത്രിസഭയിലെ പ്രമുഖനും ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇതിനെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നാൽ അതും ബിജെപിയും സിപിഎമ്മിനും വലിയ ക്ഷീണം ഉണ്ടാക്കുകയും കോൺഗ്രസിന് വലിയ രീതിയിൽ അനുകൂലമാവുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെയും, ഭൂരിപക്ഷ മതേതര വോട്ടുകളുടെയും ഏകീകരണം യുഡിഎഫിനും കോൺഗ്രസിനും അനുകൂലമായി ഏകീകരിക്കപ്പെടാനുള്ള സാധ്യതയും സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാൻ ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ പ്രോപ്പഗാണ്ട ആണ് ഈ വാർത്തകൾ എന്ന സംശയവും കോൺഗ്രസ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും മന്ത്രിയുടെ ആർഎസ്എസ് ചർച്ചയും കോൺഗ്രസ് നേതാവിന്റെ ബിജെപി കൂടുമാറ്റവുമൊക്കെ യാഥാർത്ഥ്യമാകുകയാണെങ്കിൽ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയം കലങ്ങി മറിയാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.
തരൂർ സുപ്രീം കോടതിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് ‘ശിവലിംഗത്തില്‍ തേള്‍’ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ സുപ്രീംകോടതിയില്‍. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.ഡല്‍ഹി വിചാരണക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് നീക്കം. ഉടൻ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു. ശശി തരൂരിന്റെ ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തരൂരും മാനനഷ്‌ടക്കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറും ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. 2018ല്‍ ബംഗളൂരു സാഹിത്യോത്സവത്തിലാണ് വിവാദ പരാമർശമുണ്ടായത്.