ഭീകരവാദവും സാമ്ബത്തിക പ്രതിസന്ധിയും മൂലം പാകിസ്ഥാൻ നേരിടുന്ന തിരിച്ചടികള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് സുരക്ഷയ്ക്കായി പെണ്‍കുട്ടിയുടെ കുടുംബമാണ് അവളുടെ തലയില്‍ ക്യാമറ സ്ഥാപിച്ചത് എന്നാണ് വിവരം.
സെപ്തംബർ 6 ന് “ഘർ കേ കലേഷ്” എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ ഷെയർ ചെയ്തത്. തൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ വീട്ടുകാർ എങ്ങനെയാണ് തൻ്റെ ചലനങ്ങള്‍ എപ്പോഴും നിരീക്ഷിക്കാൻ കഴിയുന്ന തരത്തില്‍ തലയില്‍ സിസിടിവി ക്യാമറ കെട്ടിവയ്ക്കാൻ തീരുമാനിച്ചതെന്ന് വീഡിയോയില്‍ പെണ്‍കുട്ടി വിശദീകരിക്കുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമാണ് കുടുംബത്തിന്റെ തീരുമാനത്തിന് പിന്നില്‍.
വൈറലായ വീഡിയോ മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് കാഴ്ചക്കാരെയാണ് സമ്ബാദിച്ചത്.രസകരമായ ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. എന്നാൽ ഇത് യഥാർത്ഥമാണോ സ്പൂഫ് വീഡിയോ ആണോ എന്ന് വ്യക്തമല്ല.

















