യുവാവിനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന പരാതിയില്‍ അഞ്ച് ട്രാൻസ്‌ജെൻഡറുകള്‍ക്കെതിരെ കേസ്. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി സ്വദേശിയായ 18കാരന്റെ പരാതിയില്‍ ചിത്ര, കാജല്‍, പ്രീതി, അശ്വിനി, മുകില എന്നിവർക്കെതിരെയാണ് കേസ്. അംബേദ്കർ കോളജിന് സമീപം ചായക്കട നടത്തുന്ന യുവാവിനെ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയില്‍ ചേരാൻ നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി.
തങ്ങളുടെ കൂട്ടത്തില്‍ ചേർന്നാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചെങ്കിലും ഇത് നിരസിച്ചതോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ലൈംഗികാവയവം നീക്കം ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി പ്രതിദിനം 2000ത്തോളം രൂപ യാചനയിലൂടെ കണ്ടെത്തി ട്രാൻസ്ജെൻഡർ സംഘത്തിന് നല്‍കിവരുകയായിരുന്നു യുവാവ്.പതിവായി ചായക്കട സന്ദർശിച്ചിരുന്ന സംഘം തന്നോട് ചങ്ങാത്തത്തിലാവുകയും തുടർന്ന് മൂന്ന് വർഷം മുമ്ബ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടാനറി റോഡിലെ വീട്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഭിക്ഷാടനത്തിന് നിർബന്ധിക്കുകയായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് തനിക്ക് ഭിക്ഷാടനം നടത്തേണ്ടിവന്നതെന്നും യുവാവ് വ്യക്തമാക്കി.
ഇതിനിടെ, ജൂലൈ 12ന് യുവാവിനടുത്തെത്തിയ സംഘം, ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി യാചനക്കിറങ്ങിയാല്‍ കൂടുതല്‍ പണം സമ്ബാദിക്കാനാവുമെന്ന് പറഞ്ഞ് ഇതിനായി നിർബന്ധിക്കുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ദിവസങ്ങളോളം തടവില്‍ പാർപ്പിച്ചതായും പരാതിയില്‍ പറയുന്നു. തങ്ങള്‍ക്കൊപ്പം യാചനക്കിറങ്ങിയില്ലെങ്കില്‍ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് മർദിക്കുകയും മയക്കുമരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. ബോധം വന്നപ്പോള്‍ തന്റെ ലൈംഗികാവയവം നീക്കി പൈപ്പ് പോലുള്ള ഒരു ഉപകരണം വച്ചുപിടിപ്പിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് വീട്ടിനുള്ളില്‍ വീണ്ടും തടവിലിട്ടു. ആഗസ്റ്റ് മൂന്നിന് ചില ആചാരങ്ങള്‍ നടത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനിടെ, സംഘത്തില്‍ നിന്ന് രക്ഷപെട്ട 18കാരൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍, ബി.എൻ.എസിലെ സെക്ഷൻ 118(2) (മുറിവേല്‍പ്പിക്കുക), 127(4) (10 ദിവസത്തിലധികം തടവില്‍ പാർപ്പിക്കുക), 140(4) (തട്ടിക്കൊണ്ടുപോകല്‍), 351(2 ) (ഭീഷണിപ്പെടുത്തല്‍), 351(3) (മരണമോ ഗുരുതര പരിക്കോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിയിലൂടെ ഭീഷണിപ്പെടുത്തല്‍), 3(5) (പൊതു ഉദ്ദേശ്യത്തോടെയുള്ള ക്രിമിനല്‍ പ്രവൃത്തി) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

















