വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ചുകൊണ്ട് കുതിപ്പ് തുടർന്ന് ട്വന്റിഫോർ. കേരളത്തിലെ വാർത്താ ചാനലുകളില്‍ പ്രതാപികളായി വാണിരുന്ന ഏഷ്യാനെറ്റിനെ തുടർച്ചയായി രണ്ടാം ആഴ്ചയാണ് ട്വന്റിഫോർ രണ്ടാം സ്ഥാനത്തേക്ക് പിന്തളളുന്നത്. എന്നാല്‍ പകല്‍ സമയത്തെ റേറ്റിങ്ങില്‍ ട്വന്റിഫോറിനെ പിന്തളളി റിപ്പോർട്ടറാണ് ഒന്നാമത്.

രാവിലെ 08.30 മുതല്‍ രാത്രി 8.30വരെയുളള 12 മണിക്കൂർ സമയത്താണ് റിപ്പോർട്ടർ ആധിപത്യം സ്ഥാപിച്ചത്. പകല്‍ സമയത്തെ റേറ്റിങ്ങില്‍ ഒന്നാമതാണെന്ന് അവകാശപ്പെട്ട് റിപോർട്ടർ ടി.വി ചാനലില്‍ പരസ്യ വീഡിയോ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ഏഷ്യാനെറ്റിനെ അട്ടിമറിച്ച ആഹ്ളാദത്തില്‍ ട്വന്റിഫോറും സ്റ്റാറ്റസും പരസ്യവീഡിയോയും മറ്റുമായി വൻ പ്രചരണം നടത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ചാനലുകള്‍ തമ്മിലുളള കിടമത്സരം അതിൻെറ പാരമ്യത്തില്‍ എത്തിയതിൻെറ ലക്ഷണങ്ങളാണിത്. ടെലിവിഷൻ ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ കൗണ്‍സില്‍ (ബാ‍ർക്-BARC) പുറത്തുവിട്ട 32-ാം ആഴ്ചയിലെ റേറ്റിങ്ങ് പ്രകാരം കേരളാ ഓള്‍ ( യൂണിവേഴ്സ്) വിഭാഗത്തില്‍ ട്വന്റി ഫോറിന് 165.78 പോയിന്റുണ്ട്. മുൻ ആഴ്ചയിലേക്കാള്‍ 15.47 പോയിന്റിൻെറ നേട്ടമാണ് ട്വന്റിഫോർ കൈവരിച്ചത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഏഷ്യാനെറ്റിൻെറ ആത്മവിശ്വാസം തകർക്കുന്ന മുന്നേറ്റമാണിത്. പോയ ആഴ്ച ഏഷ്യാനെറ്റിന് ലഭിച്ചത് 155.08 പോയിൻെറാണ്. വയനാട് ഉരുള്‍പൊട്ടലിൻെറ സമഗ്ര കവറേജില്‍ എല്ലാ ചാനലുകളും ശ്രദ്ധകേന്ദ്രീകരിച്ച ആഴ്ചയില്‍ പരിചയ സമ്ബന്നരായിട്ടും മുൻആഴ്ചയിലേക്കാള്‍ വെറും 8.40 പോയിന്റ് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് അധികമായി നേടാനായത്.

മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഒന്നാമതും രണ്ടാമതുമുളള ചാനലുകളേക്കാള്‍ വലിയ കുതിപ്പ് നടത്തിയത് റിപ്പോർ‍ട്ടർ ടി.വിയാണ്. മുൻ ആഴ്ചയില്‍ നിന്ന് 20.23 പോയിന്‍റ് വർദ്ധിപ്പിച്ചാണ് 136.54 പോയിൻെറുമായി റിപ്പോർട്ടർ മൂന്നാം സ്ഥാനത്തെത്തിയത്. റിപ്പോർട്ടറിൻെറ ഈ കുതിപ്പ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് കനത്ത വെല്ലുവിളിയാണ്.

റിപ്പോർട്ടറിൻെറ കുതിച്ചുചാട്ടത്തില്‍ നാലാം സ്ഥാനത്തേക്ക് പോയ മനോരമ ന്യൂസിന് വയനാട് വാർത്തകളുടെ കുത്തൊഴുക്കുണ്ടായ ആഴ്ചയില്‍ മനോരമക്കും കാര്യമായ നേട്ടം കൊയ്യാനായില്ല. 80.93 പോയിൻെറാണ് മനോരമയുടെ കഴിഞ്ഞയാഴ്ചയിലെ സമ്ബാദ്യം. തൊട്ടുമുൻപുളള ആഴ്ചയില്‍ നിന്ന് വെറും 3.49 പോയിന്റ് മാത്രമാണ് മനോരമക്ക് നേടാനായത്. പ്രമുഖ അവതാരകരെ ഇറക്കി വലിയ ഈവന്റുകളും വാർത്താ സംഭവങ്ങളും തങ്ങളുടേതാക്കി മാറ്റുന്ന റിപ്പോർട്ടറിൻെറ രീതി അനുകരിച്ച്‌ ഉരുള്‍പൊട്ടല്‍ മേഖലയില്‍ മുൻനിര അവതാരകൻ അയ്യപ്പദാസിനെ ഇറക്കി റിപ്പോർട്ട് ചെയ്തിട്ടും മനോരമക്ക് നേട്ടം കൊയ്യാനായില്ല. ഏഷ്യാനെറ്റ് ന്യൂസിനെപോലെ സ്ഥിരം റൂട്ടിലോടുന്ന ബസിന്റെ വിരസതയാണ് മനോരമയും പ്രേക്ഷ‍കർക്ക് നല്‍കുന്നത്.

വാർത്തകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗൗരവമുളള രീതി ഉപേക്ഷിച്ച്‌ ഡിജിറ്റല്‍ പ്രേക്ഷകരുടെ കാഴ്ചാ അഭിരുചിക്ക് അനുസരിച്ചെന്നോണം വാർത്താ ഉളളടക്കത്തിലും അവതരണത്തിലും മാറ്റം വരുത്തിയ മാതൃഭൂമി ന്യൂസിനും വയനാട് വാർത്തകള്‍ പ്രക്ഷേപണം ചെയ്ത ആഴ്ചയില്‍ നേട്ടമൊന്നുമില്ല. അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ മാതൃഭൂമി ന്യൂസ് പോയവാരം 72.61 പോയിന്റാണ് കരസ്ഥമാക്കിയത്. തൊട്ടുമുൻപുളള ആഴ്ചയേക്കാള്‍ 0.98 പോയിൻെറ് മാത്രമേ കൂടുതലുളളു. ഗൗരവമുളള വാർത്താ രീതി മറന്ന് രാജീവ് ദേവരാജ് എഡിറ്ററായി എത്തിയ ശേഷം ഇപ്പോള്‍ ഫുഡ്, വിനോദ ക്രൈം വാർത്തകള്‍ക്കാണ് മാതൃഭൂമി ന്യൂസ് പ്രാമുഖ്യം നല്‍കുന്നത്.

സംഘപരിവാർ അനുകൂല ചാനലായ ജനം ടി.വിക്ക് പോയആഴ്ചയിലെ റേറ്റിങ്ങിലും മോശം പ്രകടനമാണ്. മുപ്പത്തിരണ്ടാം ആഴ്ചയിലെ റേറ്റിങ്ങില്‍ കൈരളിക്ക് 26.74 പോയിന്റാണ് ലഭിച്ചത്. എന്നാല്‍ കൈരളിയുടെ ആറാം സ്ഥാനത്തിന് ശക്തമായ വെല്ലുവിളി ഉയർത്തി ന്യൂസ് 18 കേരളം തൊട്ടുപിന്നിലുണ്ട്. ഏഴാം സ്ഥാനത്തേക്ക് എത്തിയ ന്യൂസ് 18 കേരളത്തിന് 25.10 പോയിന്റ് ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക