മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരില്‍ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കിയതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് അധ്യാപിക പറയുന്നത്.
മാർത്തോമ്മ സഭയുടെ സൗഹൃദ കൂട്ടായ്മ ഗ്രൂപ്പുകളിലാണ് വൈദികനുമൊത്തുള്ള തൻ്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് അധ്യാപികയുടെ പരാതി. മാർത്തോമ സഭക്കാരായ മൂന്ന് പേർക്കെതിരെ ചിത്രം പ്രചരിപ്പിച്ചതിന് ആദ്യം പൊലീസില്‍ പരാതി നല്‍കി. അടൂർ പൊലീസ് സ്റ്റേഷനില്‍ ആരോപണവിധേയരെ സി.ഐ വിളിച്ചുവരുത്തി. ചിത്രം ആദ്യമെത്തിയ വാട്സ്‌അപ് ഗ്രൂപ്പില്‍ മാപ്പ് എഴുതിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതി തീർപ്പാക്കി.
എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ ഫേസ്ബുക്ക് പേജുകളില്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ പരസ്യമാക്കി വീണ്ടും ചിത്രം പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. സഭയ്ക്ക് കീഴിലെ ഒരു പള്ളിയില്‍ ചില തർക്കങ്ങളുണ്ട്. അതിന്‍റെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു. പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിച്ചതായി അധ്യാപിക പറഞ്ഞു. നിലവില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് കോടതിയെ സമീപിച്ചത്.

















