മൂന്നിലവ് പഞ്ചായത്ത് അധ്യക്ഷനായത് യുഡിഎഫ് പിന്തുണയോടെ; വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുന്നത് ബാലിശം; ഇടത് ശൈലിയോട് പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്; കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാവും: നിലപാടുകളിൽ വ്യക്തത വരുത്തി മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്ക് – ശബ്ദരേഖ വാർത്തയോടൊപ്പം.
പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നിലവ് പഞ്ചായത്തിൽ കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുകയും പിന്നീട് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്ന് ഇടതുപാളയത്തിൽ പ്രവർത്തിക്കുകയും ചെയ്ത ചാർലി ഐസക്ക് യുഡിഎഫിലേക്ക് മടങ്ങി വരികയും പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന വനിതാ അംഗം വ്യക്തിപരമായ അസൗകര്യങ്ങളുടെ പേരിൽ അവസാന നിമിഷം പിന്മാറാൻ നിർബന്ധിതയായപ്പോഴാണ് അധ്യക്ഷ പദവിയിലേക്ക് ചാർലി ഐസക്കിനെ നിയോഗിക്കാൻ നേതൃത്വം തീരുമാനമെടുത്തത്.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് സ്ഥാനമാനങ്ങൾ എല്ലാം ഉപേക്ഷിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന് രാജി കൈമാറിയ ശേഷമാണ് ചാർലി ഐസക് യുഡിഎഫ് പാളയത്തിലേക്ക് എത്തിയത്. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ ബോധപൂർവ്വം മറച്ചുവയ്ക്കുകയും ചാർലി ഐസക് തങ്ങളുടെ പ്രതിനിധിയാണ് എന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്ത് കൊണ്ട് ചാർലിയുടെ വിജയത്തിന്റെ രാഷ്ട്രീയ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആണ് കേരള കോൺഗ്രസ് നേതാക്കൾ ദിവസങ്ങളായി നടത്തിവരുന്നത്. തങ്ങൾക്ക് മൂന്നിലവിൽ പഞ്ചായത്ത് അധ്യക്ഷ പദവി ലഭിച്ചു എന്ന അതിരുകടന്ന് അവകാശവാദമാണ് പാർട്ടിയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യു മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഈ വിഷയങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് ചാർലി ഐസക് കേരള സ്പീക്ക്സ് പ്രതിനിധിയുമായി സംഭാഷണം നടത്തുകയുണ്ടായി. താൻ ഏതെങ്കിലും പദവി മോഹിച്ചോ പാക്കേജുകളുടെ ഭാഗമായിട്ടോ അല്ല യുഡിഎഫിലേക്ക് മടങ്ങിവന്നത് എന്ന് പറഞ്ഞു കൊണ്ടാണ് മുന്നണിയിലേക്കുള്ള മടങ്ങിവരവിന്റെ പശ്ചാത്തലം അദ്ദേഹം വിവരിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായി വിജയിച്ച താൻ ചില പ്രാദേശിക രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് മാണി ഗ്രൂപ്പിനൊപ്പം ഹ്രസ്വകാലം നിലപാട് എടുക്കേണ്ടി വന്നത് എന്ന് അദ്ദേഹം പറയുന്നു.
എന്നാൽ ഇടതുപക്ഷത്തോടും ഇടതുപക്ഷത്ത് നിൽക്കുന്ന മാണി വിഭാഗത്തോടുമുള്ള തന്റെ വോട്ടർമാരുടെ വിരുദ്ധത ഉൾക്കൊണ്ടാണ് തന്റെ മടങ്ങിവരവ് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ വികാരം തന്നെയാണ് കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറയുന്നു. യുഡിഎഫ് പാരമ്പര്യമുള്ള ആർക്കും ഇടതു നയങ്ങളോട് ചേർന്ന് പോകുവാൻ സാധിക്കില്ല എന്ന വികാരം പങ്കുവെക്കുന്നവരാണ് ഭൂരിപക്ഷം കേരള കോൺഗ്രസ് മാണി വിഭാഗം പ്രവർത്തകരെന്നും അദ്ദേഹം വ്യക്തമാക്കി.
ചാർലി ഇത് രണ്ടാം വട്ടമാണ് മൂന്നിലവ് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. നാലുവട്ടം തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ മത്സരിച്ചിട്ടുള്ള അദ്ദേഹം മൂന്ന് വട്ടവും വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നാല് തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും യുഡിഎഫ് പ്രതിനിധി ആയിട്ടായിരുന്നു. രാഷ്ട്രീയ പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിൻറെ നീക്കങ്ങൾക്ക് ചാർലി ഐസക്കിന്റെ തുറന്നുപറച്ചിലുകൾ വലിയ തിരിച്ചടിയായി മാറുകയാണ്. ചാർലിയുടെ പാത പിന്തുടർന്ന് യുഡിഎഫ് പക്ഷത്തേക്ക് വലിയ ഒഴുക്ക് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് മൂന്നിലവ് പഞ്ചായത്തിൽ ഉണ്ടാകുമെന്നാണ് പൊതു വിലയിരുത്തൽ.