ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാല്‍ ട്രഷറർ ആകും. അന്‍സിബ ഹസ്സന്‍ നേരത്തെ തന്നെ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലക്ഷ്മിപ്രിയയാണ് പുതിയ വൈസ് പ്രസിഡന്റ്.
വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങള്‍ക്കും സംഘടനയിലെ പൊട്ടിത്തെറികള്‍ക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ആകെ 506 അംഗങ്ങള്‍ക്കാണ് സംഘടനയില്‍ വോട്ട് അവകാശം ഉള്ളത്. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് ചെയ്‌തത്.
രണ്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇത്തവണ പോളിംഗ് ശതമാനത്തില്‍ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. 357പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‌തത്. 70 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. കടുത്ത മത്സരം നടന്നിട്ടും പോളിംഗില്‍ 12 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.
ശ്വേതാ മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കുവിനെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും മത്സരിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്.

















