പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈകോടതി തള്ളി. എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹർജിയാണ് ഹൈകോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നും ഇതില്‍ 300 എണ്ണം തനിക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച്‌ പരിശോധിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ലെന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എല്‍.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചതാണ് തന്‍റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക