1999-ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ‘താല്‍ സെ താല്‍ മിലാ’ എന്ന പാട്ട് കേട്ടവരാരും മറക്കില്ല. എ.ആർ റഹ്മാൻ സംഗീതം നല്‍കിയ ഈ പാട്ട് ഹിറ്റ് ചാർട്ടുകളില്‍ വേഗത്തില്‍ ഇടംനേടി. ഐശ്വര്യ റായിയുടെ മനോഹരമായ നൃത്തം കൂടിയായതോടെ ആ പാട്ട് കണ്ണിന് വിസ്മയമാവുകയും ചെയ്തു.
സിനിമ പുറത്തിറങ്ങി 25 വർഷം പിന്നിട്ടിട്ടും ഇപ്പോഴും പാട്ട് ആരാധകർക്കിടയില്‍ തരംഗമാകുകയാണ്. രണ്ട് മാസം മുമ്ബ് ദോഹയില്‍ നടന്ന ലോക അക്വാട്ടിക്സ് ചാമ്ബ്യൻഷിപ്പില്‍ അമേരിക്കയുടെ നീന്തല്‍ ടീം ഈ പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് ഓളപ്പരപ്പില്‍ വിസ്മയം തീർത്തത്. സിങ്ക്രണസൈഡ് സ്വിമ്മിങ് വിഭാഗത്തില്‍ മത്സരച്ചപ്പോഴാണ് യുഎസ് ടീം ഈ താളം തെരഞ്ഞെടുത്തത്.ഇതിന് നന്ദി അറിയിച്ച് ചിത്രത്തിന്റെ സംവിധായകൻ സുഭാഷ് ഗയ് എക്സില്‍ കുറിപ്പ് പങ്കുവെച്ചു.
‘താലി’നെപ്പോലെ ഒരു ഹിന്ദി ചിത്രത്തിന്റെ തീം മ്യൂസിക് ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അപൂർവമായി മാത്രമേ സംഭവിക്കൂ. ദോഹയില്‍ നടന്ന ലോക അക്വാട്ടിക് ചാമ്ബ്യൻഷിപ്പില്‍ യുഎസിന്റെ ആർട്ടിസ്റ്റിക് സ്വിമ്മിങ് ടീം അവരുടെ പ്രകടനം കാഴ്ച്ചവെച്ചത് ഈ പാട്ടിന്റെ സഹായത്തോടെയാണ്. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു. എല്ലാവർക്കും നന്ദി’-സുഭാഷ് ഗയ് എക്സില്‍ കുറിച്ചു.ആനന്ദ് ബക്ഷിയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയത്. അല്‍ക യാഗ്നികും ഉദിത് നാരായണനും ചേർന്നാണ് പാടിയത്.

















