ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സക്കരിയ പുറത്തിറങ്ങിയാല്‍ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി.സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു ബിനീഷ് കോടിയേരിയുടെ വാക്കുകള്‍. പരാമർശം സമൂഹമാധ്യമങ്ങളില്‍ വ്യാപക ചർച്ചയ്‌ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോള്‍ സക്കരിയയെ പരിചയപ്പെട്ടിരുന്നു. സക്കരിയ പുറത്തിറങ്ങി വന്നാല്‍ ഞാൻ ചേർത്തുനിർത്തി ഫോട്ടോ എടുക്കും. അതില്‍ എനിക്ക് യാതൊരു മടിയുമില്ലെന്നും ബിനീഷ് പറയുന്നു.
ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2009 ലാണ് സക്കരിയ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂർ സ്വദേശിയാണ് യുഎപിഎ പ്രതിയായ ഇയാള്‍. സ്‌ഫോടനത്തിന് ആവശ്യമായ മൈക്രോ ചിപ്പ് നിർമ്മിച്ച സംഘാഗത്തിലെ അംഗമാണ് ഇയാള്‍.
2008 ജൂലൈ 25 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.30 നും 2 നും ഇടയിലാണ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടന്നത്. കേസില്‍ എട്ടാം പ്രതിയാണ് സക്കരിയ. മാതാവിനെ പരിചരിക്കുന്നതിനായി 15 ദിവസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്ന ഹർജി അടുത്തിടെ ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു.















