രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അറസ്റ്റില്‍.സുധി വിലാസം വീട്ടില്‍ സുധീഷ് (29) എന്നയാളെയാണ് ഇലവുംതിട്ട പോലീസ് അതിവേഗം പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
വീട്ടമ്മ വീട്ടില്‍ ഒറ്റയ്ക്കാണെന്ന വിവരം മനസ്സിലാക്കിയ പ്രതി, തനിക്ക് ഈ വീടുമായുള്ള മുന്‍പരിചയം മുതലെടുത്ത് കതകില്‍ തട്ടിവിളിക്കുകയായിരുന്നു. കതക് തുറന്നയുടന്‍ അകത്തേക്ക് അതിക്രമിച്ചുകയറിയ ഇയാള്‍ വീട്ടമ്മയെ ബലമായി പിടിച്ചുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. പ്രതിയുടെ ക്രൂരമായ പിടിയില്‍ നിന്ന് എങ്ങനെയോ കുതറിമാറി ഓടിയ വീട്ടമ്മ, തൊട്ടടുത്ത വീട്ടില്‍ അഭയം പ്രാപിച്ചതുകൊണ്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തിയ ഇലവുംതിട്ട പോലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കുകയുമായിരുന്നു.
പ്രതി മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി.ഇലവുംതിട്ട ഇന്‍സ്‌പെക്ടര്‍ (എസ്.എച്ച്.ഒ) അനീഷ് കരിം, എസ്.ഐ. അനില്‍ കെ.എന്‍, എസ്.സി.പി.ഒ ധനൂപ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





