നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കെതിരെയും നടി അൻസിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറയിലെ വനിതാ എസ്‌ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃക്കാക്കര എസിപി പൊലീസ് കമ്മിഷണർക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.
ലക്ഷ്മിപ്രിയ അൻസിബയ്‌ക്കെതിരെ നല്‍കിയ പരാതിക്കും കഴമ്പില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.ലക്ഷ്മിപ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ സെല്‍ എസ്.ഐ രേഷ്മയും ചേർന്ന് അധിക്ഷേപിച്ചെന്നാണ് അൻസിബയുടെ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര എ.സി.പി ഓഫീസിലെത്തി അൻസിബ മൊഴി നല്‍കിയിരുന്നു.
പരാതിയുടെ പേരില്‍ പൊലീസ് തന്നെ വിളിപ്പിച്ച് മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചെന്നും അൻസിബ മൊഴിനല്‍കിയിരുന്നു. എന്നാല്‍ തടഞ്ഞുവച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മിനിറ്റുകള്‍ മാത്രമാണ് സ്റ്റേഷനില്‍ ചെലവഴിച്ചതെന്നുമാണ് ലക്ഷ്മിപ്രിയ വിശദീകരിക്കുന്നത്.





