മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയേകിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനര്‍ജി ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി.60 തൃണമൂല്‍ എംഎല്‍എമാര്‍ ഋതബ്രത ബാനര്‍ജിയെ നിയമസഭയില്‍ പിന്തുണച്ച് കത്ത് നല്‍കി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ഋതബ്രത കത്ത് നല്‍കിയത് സ്പീക്കര്‍ രതീന്ദ്ര ബോസ് അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ നേതൃ സ്ഥാനം വിമത നേതാവ് സ്വന്തമാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കുമൊടുവില്‍ മമതക്കേറ്റ കനത്ത പ്രഹരമായി. ആകെ 80 എംഎല്‍എമാരാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. ഇതില്‍ 60 പേരും വിമതരായതോടെ മമതയെ പിന്തുണക്കുന്നത് 20 എംഎല്‍എമാര്‍ മാത്രമായി.
തങ്ങളാണ് ‘യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്നാണ് വിമത വിഭാഗം അവകാശപ്പെട്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിര്‍ത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
അതേസമയം, മമത തന്നെയാണ് തങ്ങളുടെ നേതാവ് എന്നാണ് ഋതബ്രത പ്രതികരിച്ചത്. പാര്‍ട്ടിയെ പിളര്‍ത്താനുള്ള ഉദ്ദേശ്യമില്ല. മമതാ ബാനര്‍ജി പ്രതിപക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവാകണമെന്നാണ് ആഗ്രഹമെന്നും ഋതബ്രത പറഞ്ഞു. ഇടതുനേതാവായിരുന്നു ഋതബ്രത 2018ലാണ് മമതക്കൊപ്പം ചേര്‍ന്നത്. പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കനത്ത വെല്ലുവിളിയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേരിടുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ ഇന്നലെ മമത നടത്തിയ പ്രതിഷേധത്തില്‍ പാര്‍ട്ടി നേതാക്കളില്‍ പലരും പങ്കെടുത്തില്ല. 500ല്‍ താഴെ മാത്രം ആളുകളാണ് പരിപാടിക്കെത്തിയത്. ഇതോടെ മമത കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടിരിക്കുകയാണ്. പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയും പുനപരിശോധനയും സംഘടനാപരമായ വിലയിരുത്തലും നേതാക്കളുടെ പ്രകടനത്തിന്റെ അവലോകനവും എല്ലാ തലത്തിലും നടത്തുമെന്നാണ് കമ്മിറ്റികള്‍ പിരിച്ചുവിട്ടുകൊണ്ട് തൃണമൂല്‍ നേതൃത്വം പറഞ്ഞിരിക്കുന്നത്.





