മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ കലിപൂണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് തല്ലിത്തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. സംഭവം മാധ്യമങ്ങള്‍ അറിഞ്ഞതോടെ ആകെപ്പാടെ നാണക്കേടുമായി. ഫ്‌ലക്‌സ് തകര്‍ത്ത സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതോടെ ഒളിവില്‍ പോയ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സഖാക്കള്‍ ഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കി.

സ്വന്തം കൈയില്‍ നിന്ന് കാശെടുത്ത് പുതിയ ഫ്‌ലെക്‌സ് ബോര്‍ഡ് അടിച്ച്‌, തൊഴിലാളികളെ വെച്ച്‌ അത് പഴയപടി സ്ഥാപിച്ചാണ് സഖാക്കള്‍ ഇപ്പോള്‍ കേസില്‍ നിന്ന് ഊരിപ്പോകാന്‍ നോക്കുന്നത്. കഴിഞ്ഞ മേയ് 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച്‌ മരടില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത രീതിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പ്രകടനത്തിനിടയിലാണ് മരട് കൊട്ടാരം ജങ്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രമുള്ള വലിയ ഫ്‌ലെക്‌സ് ബോര്‍ഡ് പ്രകോപിതരായ സഖാക്കള്‍ തല്ലിത്തകര്‍ത്തത്. വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച ബോര്‍ഡായിരുന്നു ഇത്.

തങ്ങളുടെ മുഖ്യമന്ത്രിയുടെ ബോര്‍ഡ് തകര്‍ത്തതോടെ കോണ്‍ഗ്രസും കടുത്ത പ്രതിരോധവുമായി രംഗത്തിറങ്ങി. കുറ്റക്കാരായ സിപിഎമ്മുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരടില്‍ വന്‍ പന്തംകൊളുത്തി പ്രകടനം നടത്തുകയും മരട് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.

സംഭവം വിവാദമായതോടെ മരട് പോലീസ് കൃത്യമായി ഇടപെട്ടു. പ്രതിഷേധ പ്രകടനത്തിന്റെ പോലീസ് എടുത്ത വീഡിയോ ദൃശ്യങ്ങള്‍ കൃത്യമായ തെളിവായി സ്വീകരിച്ചായിരുന്നു പോലീസിന്റെ നീക്കം. ഫ്‌ലെക്‌സ് തകര്‍ത്ത കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. പോലീസിന്റെ കളി മാറിയെന്നും അകത്തുപോയാല്‍ പെട്ടെന്നൊന്നും ജാമ്യം കിട്ടില്ലെന്നും മനസ്സിലായതോടെ ലോക്കല്‍ സെക്രട്ടറിയും കൂട്ടാളികളും അടിയന്തരമായി ഒളിവില്‍ പോവുകയായിരുന്നു.

അറസ്റ്റ് ഭയന്ന് സഖാക്കള്‍ നെട്ടോട്ടമോടിയതോടെ ഒടുവില്‍ പ്രാദേശിക തലത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു. പോലീസിന്റെ പിടി വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിബന്ധനകള്‍ മുഴുവന്‍ അംഗീകരിക്കാന്‍ ഒടുവില്‍ സിപിഎം നേതൃത്വം തയ്യാറായി. ഈ ധാരണപ്രകാരം സിപിഎം പ്രാദേശിക നേതാക്കള്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി പുതിയ ഫ്‌ലെക്‌സ് ബോര്‍ഡ് ഡിസൈന്‍ ചെയ്ത് അടിപ്പിച്ചു.

തുടര്‍ന്ന് തൊഴിലാളികളെ നിയോഗിച്ച്‌ കൊട്ടാരം ജങ്ഷനില്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡ് പഴയപടി തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ പീറ്റര്‍ വ്യക്തമാക്കി. എന്തായാലും ചോര തിളച്ച്‌ ഫ്‌ലെക്‌സ് അടിച്ചുടച്ച സഖാക്കള്‍ക്ക് ഒടുവില്‍ സ്വന്തം പോക്കറ്റിലെ കാശ് പോയത് പാര്‍ട്ടിക്കുള്ളില്‍ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക