എറണാകുളം മുനമ്ബത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹെെക്കോടതി അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മുനമ്ബം വഖഫ് ഭൂമിയല്ലെന്ന് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്ക് നിർദേശം നല്‍കാൻ ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉള്‍പ്പടെയുള്ള ഹർജിയാണ് കോടതിയുടെ മുൻപാകെയുള്ളത്. മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് ഭൂസംരക്ഷണ സമിതി ഉള്‍പ്പടെ നല്‍കി ഹർജികള്‍ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി ജയചന്ദ്രൻ ഇന്ന് ഇക്കാര്യത്തില്‍ ഇടക്കാല നിർദേശം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം മുനമ്ബത്തെ തർക്കഭൂമി ദൈവത്തിന് സമർപ്പിക്കപ്പെട്ട വഖഫ് സ്വത്തല്ലെന്നാണ് അന്ന് ഹൈക്കോടതി അറിയിച്ചത്. ഇഷ്ടദാന ആധാരപ്രകാരം 1950ല്‍ കൈമാറിയ ഭൂമിയാണിത്. 69 വർഷത്തിന് ശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹെെക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, വി.എം. ശ്യാംകുമാർ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി.

1950കളില്‍ അബ്ദുള്‍ സത്താർ സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കൈമാറിയ 404 ഏക്കർ ഭൂമിയാണ് മുനമ്ബത്തേത്. വ്യവസ്ഥകള്‍ മറികടന്ന് ഫാറൂഖ് മാനേജ്മെന്റ് ഭൂമി പലർക്കും വില്പന നടത്തി. കടല്‍കയറ്റത്തെ തുടർന്ന് 114 ഏക്കറാണ് അവശേഷിക്കുന്നത്. 600 കുടുംബങ്ങളാണ് ഇവിടെ കുടിയിറക്ക് ഭീഷണിയിലുള്ളത്. 2019 മേയ് 20ന് ഇതിനെ വഖഫ് സ്വത്തായി പ്രഖ്യാപിച്ച്‌ ഏറ്റെടുക്കാൻ വഖഫ് ബോർഡ് ശ്രമം നടത്തിയപ്പോഴാണ് പ്രക്ഷോഭം തുടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക